അവിടെ ഒന്നുമില്ല, എല്ലാം തകർത്തതാണ് -ഇറാനെക്കുറിച്ചുള്ള യു.എൻ ആണവ നിരീക്ഷണ മേധാവിയുടെ റിപ്പോർട്ട് അംഗീകരിക്കാതെ ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതിക്ക് കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നും മാസങ്ങൾക്കകം പദ്ധതി പ്രവർത്തനക്ഷമമാകുമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ മേധാവിയുടെ റിപ്പോർട്ട് അംഗീകരിക്കാതെ ട്രംപ്. അവിടെ ഇപ്പോൾ ആയിരക്കണക്കിന് ടൺ പാറക്കഷ്ണങ്ങൾ മാത്രമേയുള്ളൂവെന്നും മുഴുവൻ സ്ഥലവും നശിപ്പിക്കപ്പെട്ടുവെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിധത്തിലാണ് അത് നശിപ്പിച്ചത്. അവരുടെ ആണവ സ്വപ്നങ്ങൾക്ക് ഒരു നിശ്ചിത കാലത്തേക്കെങ്കിലും അന്ത്യം കുറിക്കുക എന്നതായിരുന്നു അതിന്‍റെ അർത്ഥം -ട്രംപ് വ്യക്തമാക്കി.
ആക്രമണം പ്രതീക്ഷിച്ചത്ര വിനാശകരമല്ല എന്ന മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയം യു.എസിന് ലഭിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുടെ കാതൽ പ്രവർത്തനക്ഷമമായി തന്നെ തുടരുന്നു എന്ന് തെഹ്റാൻ ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശേഷി ഇറാനുണ്ടെന്നാണ് യു.എന്നിന്റെ ആണവ നിരീക്ഷണ സമിതിയുടെ തലവൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനിലെ മൂന്ന് കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായെങ്കിലും സമ്പൂർണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസിയാണ് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

