Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലോകത്ത് എന്നെ ഇഷ്ടപ്പെടുന്ന ഏക വ്യക്തി’; കിമ്മിനെ വീണ്ടും പുകഴ്ത്തി ട്രംപ്

text_fields
bookmark_border
‘ലോകത്ത് എന്നെ ഇഷ്ടപ്പെടുന്ന ഏക വ്യക്തി’;  കിമ്മിനെ വീണ്ടും പുകഴ്ത്തി ട്രംപ്
cancel

വാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള സൗഹൃദത്തെ വീണ്ടും പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയയ്ക്ക് ആണവായുധങ്ങൾ കൈവശം വയ്ക്കാമെങ്കിൽ എന്തുകൊണ്ട് ഇറാനെ അനുവദിക്കില്ലെന്ന ചോദ്യത്തിന് കിമ്മുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടിയാണ് ട്രംപ് മറുപടി നൽകിയത്.

കിം ജോങ് ഉൻ തന്റെ സുഹൃത്താണെന്നും തന്നെയും കിം ഇഷ്ടപ്പെടുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. `ലോകത്ത് എന്നെ ഇഷ്ടപ്പെടുന്ന ഏക വ്യക്തി അദ്ദേഹമാണ്. എനിക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ഞാൻ അധികാരത്തിലിരിക്കുന്നിടത്തോളം അദ്ദേഹം സുരക്ഷിതനായിരിക്കും. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു,' ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഉത്തര കൊറിയക്ക് വലിയ ആണവശേഷിയുണ്ടെന്നും ആ രാജ്യത്തെ ആണവശക്തിയായി വളരാതിരിക്കാൻ മുൻ യു.എസ് ഭരണകൂടങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.എസിന്റെ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ ഇരുവരും പരസ്പരം ഭീഷണികൾ ഉയർത്തിയിരുന്നു. അന്ന് ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്ന ഉത്തര കൊറിയക്ക് ട്രംപ് മുന്നറിയിപ്പുകൾ നൽകിയിരുന്നു. 2018ൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരുവരുടെയും ബന്ധത്തിൽ മാറ്റം വന്നുതുടങ്ങിയത്. അധികാരത്തിലിരിക്കുന്ന ഒരു യു.എസ് പ്രസിഡന്റും ഉത്തര കൊറിയൻ നേതാവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. യു.എസ്-ഉത്തര കൊറിയ ബന്ധം മെച്ചപ്പെടുത്തുന്നതിനും കൊറിയൻ ഉപദ്വീപിന്റെ ആണവ നിരായുധീകരണത്തിനുവേണ്ടി പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയിലെത്തി. 2019 ഫെബ്രുവരിയിൽ വിയറ്റ്നാമിലെ ഹനോയിയിൽ വെച്ചായിരുന്നു ഇരുവരുടെയും രണ്ടാമത്തെ കൂടിക്കാഴ്ച. എന്നാൽ അന്ന് ധാരണയിലെത്താതെയാണ് ചർച്ച അവസാനിച്ചത്. ഉത്തര കൊറിയയുടെ ആണവ പദ്ധതിയിൽ എത്രത്തോളം മാറ്റം വരുത്തണം, അതിന് പകരമായി ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ എത്രത്തോളം ഇളവ് നൽകണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാന തർക്കം.

ആ വർഷം ജൂണിലായിരുന്നു പിന്നീടുള്ള കൂടിക്കാഴ്ച. അന്ന് ട്രംപ് ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. ഉത്തര കൊറിയൻ മണ്ണിൽ കാലുകുത്തുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. അതിനുശേഷം ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ല. ആഗസ്റ്റിൽ കിമ്മിനൊപ്പമുള്ള പഴയ ചിത്രം ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്താനുള്ള ശ്രമങ്ങൾ ട്രംപ് ശക്തമാക്കിയിട്ടുണ്ട്. നവംബറിൽ ചൈനയിൽ നടക്കുന്ന എപെക് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ട്രംപ് നടത്താനിരിക്കുന്ന ഏഷ്യൻ സന്ദർശനത്തിൽ വീണ്ടും ഇരുവരുടെയും കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump Hints at Kim Meeting
Next Story