ആക്രമണം രൂക്ഷമാക്കാൻ ട്രംപ്; വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കി ഇറാൻ
text_fieldsതെഹ്‌റാൻ: ഇറാനെതിരെ അതിരൂക്ഷമായ ആക്രമണത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നു. തലസ്ഥാനമായ തെഹ്‌റാന്റെ ചില ഭാഗങ്ങളിൽ ഇറാൻ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയതുമായ റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായി 13-ാമത്തെ രാത്രിയും ഇറാനിൽ ആക്രമണം നടത്തിയ യു.എസ്, മേഖലയിലേക്ക് സൈനികവിന്യാസവും ആയുധങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ചർച്ചയിലൂടെ വെടിനിർത്തലിന് ഇറാനുമേൽ അമേരിക്ക സമ്മർദ്ദം ശക്തമാക്കാനാണ് യു.എസ് നീക്കം.
ഇറാനുമായി ചർച്ചകൾ തുടരുകയാണെന്നും എന്നാൽ പ്രസിഡന്റിന് മുന്നിൽ എല്ലാ വഴികളും തുറന്നുകിടപ്പുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വലിയ തോതിലുള്ള ആക്രമണത്തിനുള്ള തീരുമാനത്തിലേക്ക് പ്രസിഡന്റ് അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിനുള്ള സൈനിക ഒരുക്കങ്ങൾ നടന്നുകഴിഞ്ഞതായും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. "ഇറാൻ ഇതുവരെ ഒരു കരാറിന് തയ്യാറായിട്ടില്ലെങ്കിലും, അവർ വൈകാതെ അതിന് തയ്യാറായേക്കാം" എന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഇറാനിയൻ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയതുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ കേട്ടതായി അർധ-ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ രാത്രികളിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആക്കിയതായി റിപ്പോർട്ടുണ്ട്.
ജാസ്കിലും, ഹോർമുസ് കടലിടുക്കിന്റെ സമീപത്തെ ഏറ്റവും വലിയ ദ്വീപായ ഖെഷ്ം ദ്വീപിലും, ബന്ദർ അബ്ബാസിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആക്രമണം നടക്കാതിരുന്ന മേഖലകളിൽ കൂടി ഇന്നലെ രാത്രി യു.എസ് ആക്രമണം നടത്തി. ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെതിരെ ഏകപക്ഷീയമായി ആക്രമണം നടത്തിയതാണ് മേഖലയെ സംഘർഷഭരിതമാക്കിയത്. ഇതിനിടെ പാകിസ്താൻ - ഖത്തർ എന്നിവയുടെ മധ്യസ്ഥതയിൽ സമാധാന കരാറിൽ എത്തുകയും സാങ്കേതിക ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹോർമുസിലെ ഗതാഗതവുമായി ബന്ധപ്പെട്ട ധാരണ ലംഘിച്ചതിനെത്തുടർന്ന് മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

