ഖാംനഈയുടെ സംസ്കാരത്തിനിടെ ഇറാനെ പരിഹസിച്ച് ട്രംപ്, ‘ഒരാഴ്ച അവധി നൽകിയത് ഞങ്ങൾ നല്ലവരായതുകൊണ്ട്’
text_fieldsവാഷിങ്‌ടൺ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഇറാനെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്-ഇസ്രായേൽ സംഘർഷത്തിനിടെ ഫെബ്രുവരി 28നുണ്ടായ ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ, സംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ ഇടവേള അനുവദിച്ചത് അമേരിക്ക ‘നല്ലവരായതുകൊണ്ടാണെന്ന്’ ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്മോറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ സൈനിക നടപടികളെ ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പരാമർശം. ‘ഞങ്ങൾ ഇറാനെ ശരിക്കും നിലക്ക് നിർത്തിയിട്ടുണ്ട്. അവർക്ക് ഒത്തുതീർപ്പിന് അതിയായ ആഗ്രഹമുണ്ട്.
അവരുടെ നേതാവിന്റെ സംസ്കാര ചടങ്ങുകൾക്കായി ഞങ്ങൾ ഒരാഴ്ചത്തെ ഇടവേള അനുവദിച്ചു, കാരണം ഞങ്ങൾ നല്ലവരാണ്’ - ട്രംപ് പറഞ്ഞു. പ്രസിഡന്റിന്റെ ഈ പരിഹാസത്തിനെതിരെ സദസ്സിൽ നിന്നും വലിയ ചിരിയും കൈയടിയുമാണ് ഉയർന്നത്.
ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖാംനഈയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. മകൾ, മരുമകൻ, കൊച്ചുമകൾ, മരുമകൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഖാംനഈയുടെ സംസ്കാരം വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുവിഭാഗവും തമ്മിൽ താൽക്കാലിക വെടിനിർത്തലിൽ എത്തിയതിന് ശേഷമാണ് ഇപ്പോൾ ചടങ്ങുകൾ ആരംഭിച്ചത്.
വെള്ളിയാഴ്ച തെഹ്‌റാനിലെ ഗ്രാൻഡ് മുസല്ലയിലാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങ് വികാരനിർഭരമായിരുന്നു.
ഖാംനഈയുടെ ഭൗതികദേഹം മഷ്ഹദിലെ ഇമാം റിസ മസ്ജിദിന് സമീപം ജൂലൈ ഒമ്പതിനാണ് സംസ്കരിക്കുക. അതിനുമുമ്പ് ഖും, നജഫ്, കർബല തുടങ്ങിയ പുണ്യനഗരങ്ങളിൽ വിലാപയാത്ര നടത്തും. ഇന്ത്യ, പാകിസ്താൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

