ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആദ്യം കിട്ടാൻ മാസം 96 ലക്ഷം! പദ്ധതി പരിഗണനയിലെന്ന് റിപ്പോർട്ട്
text_fieldsസോഷ്യൽമീഡിയ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ കമ്പനി, അദ്ദേഹത്തിന്റെ പോസ്റ്റുകൾ അതിവേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രതിമാസം 1,00,000 ഡോളർ (ഏകദേശം 96 ലക്ഷത്തിലധികം രൂപ) ഫീസ് ഈടാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഈ നീക്കം വൻ ധാർമിക പ്രതിസന്ധികൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. ഭരണപരമായ സുതാര്യത ഉറപ്പാക്കേണ്ട ഒരു പദവിയിരുന്ന് കൊണ്ട്, ഔദ്യോഗിക വിവരങ്ങൾ വിറ്റ് ട്രംപ് പണം സമ്പാദിക്കാൻ ശ്രമിക്കുകയാണെന്നാണ് വിമർശകരുടെ പ്രധാന ആക്ഷേപം.
ട്രംപിന്റെ ഉടമസ്ഥതയിലുള്ള 'ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്' (TMTG), അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ഓഹരി വിപണിയിലെ വൻകിട നിക്ഷേപകർക്കും ട്രേഡിങ് കമ്പനികൾക്കും വേണ്ടിയാണ് ഈ വി.ഐ.പി സേവനം ഒരുക്കുന്നത്. മൂന്ന് വർഷത്തെ പ്ലാൻ തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക് പ്രതിമാസം 60,000 ഡോളർ എന്ന കുറഞ്ഞ നിരക്കും കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന.
ഒരു വൻശക്തി രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വാക്കും ആഗോള സാമ്പത്തിക വിപണിയെ മാറ്റിമറിക്കാൻ പോന്നതാണ്. പുതിയ നികുതി നയങ്ങൾ, രാജ്യാന്തര തർക്കങ്ങൾ, യുദ്ധ പ്രഖ്യാപനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ട്രംപ് ആദ്യം പ്രതികരിക്കുന്നത് ട്രൂത്ത് സോഷ്യലിലാണ്. ഇത്തരം നിർണായക വിവരങ്ങൾ മറ്റുള്ളവരേക്കാൾ മുൻപ് വൻകിട കമ്പനികൾക്ക് ലഭിച്ചാൽ, അത് വിപണിയിലെ കോടികളുടെ ലാഭനഷ്ടങ്ങളെ സ്വാധീനിക്കും. ഈ വേഗതക്കാണ് ട്രംപിന്റെ കമ്പനി വൻ തുക വിലയിട്ടിരിക്കുന്നത്.
'ട്രൂത്ത് എ.പി.ഐ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡാറ്റാ ഫീഡ് വഴി ട്രൂത്ത് സോഷ്യലിലെ ഏറ്റവും സ്വാധീനമുള്ള 10 അക്കൗണ്ടുകളിലെ പോസ്റ്റുകളാണ് വരിക്കാർക്ക് അതിവേഗത്തിൽ നൽകുക. ഇതിൽ ട്രംപിന്റെ അക്കൗണ്ടാണ് ഏറ്റവും പ്രധാനം. ഈ പ്രഖ്യാപനം പുറത്തുവന്നതോടെ കടുത്ത വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും എത്തിക്കൽ വിദഗ്ദ്ധരും രംഗത്തെത്തിക്കഴിഞ്ഞു.
സെനറ്റർ റോൺ വൈഡൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പറയുന്നത്, ഈ നീക്കം വാൾസ്ട്രീറ്റിലെ സമ്പന്നരായ വ്യാപാരികളെ കൂടുതൽ കോടീശ്വരന്മാരാക്കുമെന്നും അതോടൊപ്പം ട്രംപ് കുടുംബത്തിലേക്ക് വൻതോതിൽ പണമൊഴുക്കുമെന്നുമാണ്. തന്റെ ആദ്യ ഭരണകാലത്ത് ട്വിറ്റർ വ്യാപകമായി ഉപയോഗിച്ചിരുന്ന നേതാവായിരുന്നു ട്രംപ്. എന്നാൽ 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ചും, ജനുവരി 6ലെ കാപ്പിറ്റോൾ ആക്രമണത്തെത്തുടർന്നും പ്രമുഖ സോഷ്യൽ മീഡിയകളെല്ലാം ട്രംപിന്റെ അക്കൗണ്ടുകൾ റദ്ദാക്കി.
ഇതിന് മറുപടിയായാണ് ട്രംപ് സ്വന്തമായി 'ട്രൂത്ത് സോഷ്യൽ' എന്ന പ്ലാറ്റ്‌ഫോം നിർമിച്ചത്. ഇതിന്റെ ഭൂരിഭാഗം ഓഹരികളും ട്രംപിന്റെ പക്കലാണുള്ളത്. മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വൻകിട വ്യാപാരികൾക്ക് ഡാറ്റാ ഫീഡുകൾ നൽകാറുണ്ടെങ്കിലും, രാജ്യത്തിന്റെ തലവൻ തന്നെ തന്റെ പോസ്റ്റുകൾ ഇത്തരത്തിൽ വിൽക്കാൻ വെക്കുന്നത് ഇതാദ്യമായാണ്. ഇത് അമേരിക്കൻ ജനാധിപത്യത്തിന്റെ സുതാര്യതക്ക് കരിനിഴൽ വീഴ്ത്തുന്നു എന്നാണ് പ്രധാന ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

