ലോകകപ്പ് കലാശക്കൊട്ടിന് സാക്ഷിയാവാൻ ട്രംപും: സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് അന്തിമ പോരാട്ടത്തിന് സാക്ഷിയാവാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തും. വ്യാഴാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഇക്കാര്യം സ്ഥിരീകരിച്ചു. അർജന്റീനയും സ്പെയിനും തമ്മിലുള്ള മത്സരത്തിൽ അദ്ദേഹം സന്നിഹിതനായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യവും മത്സരശേഷം നടക്കുന്ന ട്രോഫി ദാന ചടങ്ങിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടന്ന ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിലൊന്നും ട്രംപ് പങ്കെടുക്കാതിരുന്നതിനാൽ, കലാശക്കൊട്ടിന് സാക്ഷിയാവാൻ ട്രംപ് വരാതിരിക്കുമോ എന്ന് സംശയങ്ങൾ ഉയർന്നിരുന്നു.
ട്രംപ് ട്രോഫി സമ്മാനിക്കാൻ ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ന്യൂയോർക്ക് സിറ്റിയിൽ മാൻഹട്ടനിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും, തുടർന്ന് ഞായറാഴ്ച നടക്കുന്ന അർജന്റീനയും സ്പെയിനും തമ്മിലുള്ള മത്സരത്തിലും അദ്ദേഹം സന്നിഹിതനായിരിക്കുമെന്ന് ലെവിറ്റ് കൂട്ടിച്ചേർത്തു.
മത്സരം നടക്കുന്ന രാജ്യത്തെ തലവന്മാരുടെ സാന്നിധ്യം വർഷങ്ങളായുള്ള കീഴ്വഴക്കമാണ്. 2022-ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി, അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് വിജയിക്കുള്ള ട്രോഫി സമ്മാനിക്കുന്നതിനായി ഇൻഫാന്റിനോയ്ക്കൊപ്പം ചേർന്നിരുന്നു. ട്രോഫി ഉയർത്തുന്നതിന് തൊട്ടുമുമ്പ് അൽ താനി മെസ്സിയെ പരമ്പരാഗത ഖത്തരി വസ്ത്രമായ ബിഷ്ത് ധരിപ്പിക്കുകയും ചെയ്തിരുന്നു.
2018-ലെ റഷ്യൻ ലോകകപ്പിൽ, വിജയികളായ ഫ്രഞ്ച് കളിക്കാർക്ക് പ്രസിഡന്റ് വ്ലാദിമിർ പുടിനായിരുന്നു മെഡലുകൾ സമ്മാനിച്ചത്. 2014, 2010 വർഷങ്ങളിലും അതിനുമുമ്പും ആതിഥേയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ ലോകകപ്പ് ഫൈനലുകളിൽ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ തവണ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ക്ലബ് ലോകകപ്പ് ഫൈനലിലും ട്രംപ് പങ്കെടുക്കുകയും മത്സരശേഷം ട്രോഫി സമ്മാനിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ആഘോഷങ്ങളിലും ട്രംപ് പങ്കെടുത്തിരുന്നു.
ഈ വേൾഡ് കപ്പ് ടൂർണമെന്റിൽ അമേരിക്കൻ സ്‌ട്രൈക്കർ ഫോളാറിൻ ബലോഗുന്റെ റെഡ് കാർഡ് സസ്പെൻഷൻ പുനഃപരിശോധിക്കാൻ ഫിഫ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

