ചർച്ചകൾ വഴിമുട്ടി; ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിന് ട്രംപ്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം ആക്രമണം പുനരാരംഭിക്കുന്നതുൾപ്പെടെ എല്ലാ സാധ്യതയും ചർച്ച ചെയ്തെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.ഇറാൻ തകർന്നിരിക്കെ ഒരു കരാറിനുള്ള സാധ്യത ഉറപ്പാക്കാൻ സമ്മർദം തുടരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ രാജ്യത്തിന് നേർക്കുള്ള ഏതൊരു നീക്കവും ശക്തമായി ചെറുക്കുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.
ഹുർമുസ് കടലിടുക്കിലെ എണ്ണനീക്കം തടസ്സപ്പെട്ടതും ഇറാന്റെ സമാധാന നിർദേശങ്ങളുമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ചർച്ചകളിൽ ഇറാൻ സ്വീകരിക്കുന്ന നിലപാടുകൾ വിഡ്ഢിത്തമാണെന്ന് ട്രംപ് ആക്ഷേപിച്ചു. ‘ഇറാനിൽ മിതവാദികളും ഭ്രാന്തന്മാരും ഉണ്ട്. മിതവാദികൾക്ക് കരാറിൽ താല്പര്യമുണ്ടെങ്കിലും തീവ്രവാദികൾ അത് അട്ടിമറിക്കുകയാണ്. നേരത്തെ ധാരണയിലെത്തിയ കാര്യങ്ങളിൽ നിന്ന് അവർ പിന്മാറുന്നു’വെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ തന്റെ പക്കൽ ‘ഏറ്റവും മികച്ച പ്ലാൻ’ ഉണ്ടെന്നും ഇറാന്റെ നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും അത് നിലനിൽക്കാൻ വെറും ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്നും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ തികച്ചും ന്യായമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ഇത് മേഖലയുടെ ആകെ സുരക്ഷക്ക് ഗുണകരമാകുമെന്നും ഇറാൻ ആവർത്തിച്ചു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടുകൾ സമാധാന ചർച്ചകളെ വഴിമുട്ടിച്ചിരിക്കുകയാണ്. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദേശത്തിന് മറുപടിയായി എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുന്നതിനും കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷക്കും മുൻഗണന നൽകുന്ന നിർദേശങ്ങളാണ് ഇറാൻ സമർപ്പിച്ചത്.
എന്നാൽ ഇറാന്റെ മറുപടി പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് അത് തള്ളിക്കളയുകയായിരുന്നു. "എനിക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല, ഇത് അംഗീകരിക്കാനാവില്ല," എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ആണവ പ്രശ്നങ്ങളും ഉപരോധങ്ങളും സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും മരവിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

