'ഏറെ സമയമുണ്ട്, പുതുവർഷത്തിന് ശേഷം നോക്കാം'; ഇറാനെതിരെ സൈനിക നീക്കം ഉടനില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനെതിരെ തത്കാലം പുതിയ ആക്രമണങ്ങളുണ്ടാകില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോൾ തിടുക്കമില്ലെന്നും പുതുവർഷം പിറന്ന ശേഷം മാത്രമേ ഇറാനെതിരെ സൈനികനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. ചൈനാ സന്ദർശനം കഴിഞ്ഞ് യു.എസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി ഒന്നിന് ശേഷം എന്താണ് സംഭവിക്കുകയെന്ന് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാനെതിരെ ശക്തമായ സൈനികനടപടികൾ സ്വീകരിക്കുമെന്ന് ഈയിടെ നൽകിയ മുന്നറിയിപ്പിനൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും ട്രംപ് മുന്നോട്ടുവെച്ചിരുന്നു. നിലവിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഇറാനെതിരായ സൈനികനടപടി വൈകിപ്പിക്കുന്നതിന് പിന്നിൽ അമേരിക്കയുടെ ഉപരോധവും സാമ്പത്തിക സമ്മർദവും ഫലം കാണുന്നുവെന്ന വിലയിരുത്തലുമുണ്ട്. സൈനികാക്രമണങ്ങൾക്ക് പകരം സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ കീഴ്പ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും പറയാം.
ഈയിടെ നടന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിലടക്കം കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇറാനുമായുള്ള സംഘർഷമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ട്രംപും ഏറെക്കുറെ സമ്മതിച്ചതാണ്. എന്നാൽ ഇറാനെ ആണവായുധം പ്രയോഗിക്കാൻ സമ്മതിക്കില്ലെന്നും അതിനാൽ സൈനികനടപടി സ്വീകരിക്കേണ്ടിവന്നാൽ അതിന് മുതിരുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം സെനറ്റിൽ വീണ്ടും തള്ളി.

