ഇറാനെതിരെ 'കുർദിഷ് കാർഡ്'; ഇറാഖിലെ കുർദിഷ് നേതാക്കളുമായി ട്രംപ് ചർച്ച നടത്തി
text_fieldsവാഷിങ്ടൺ: ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ വ്യോമാക്രമണം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ, ഇറാഖിലെ പ്രധാന കുർദിഷ് വിഭാഗങ്ങളെ യുദ്ധത്തിന്റെ ഭാഗമാക്കാൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖിലെ പ്രമുഖ കുർദിഷ് നേതാക്കളായ മസൂദ് ബർസാനി, ബാഫൽ തലബാനി എന്നിവരുമായി ട്രംപ് നേരിട്ട് ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്'റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച നടന്ന ഈ ചർച്ചകൾ അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിലെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രസിഡന്റ് ട്രംപ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. ആക്രമണം കനപ്പിക്കുന്ന വേളയിൽ തന്ത്രപ്രധാനമായ ‘ഗ്രൗണ്ട് സപ്പോർട്ട്’ ലക്ഷ്യമിട്ടാണ് യു.എസും ഇസ്രായേലും ഇത്തരമൊരു കരുനീക്കം നടത്തുന്നത്.
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ കുർദിഷ് വിഭാഗങ്ങളെ പങ്കാളികളാക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഇറാഖ്, സിറിയ, ഇറാൻ എന്നിവിടങ്ങളിലെ കുർദിഷ് ഗ്രൂപ്പുകളുമായി ഇസ്രായേലിന് അടുത്ത സൈനിക-രഹസ്യാന്വേഷണ ബന്ധമുണ്ട്. ഇറാനെതിരെ ആക്രമണം നടത്താനും അതിനായി കുർദിഷ് സേനയെ ഉപയോഗിക്കാനും നെതന്യാഹു വൈറ്റ് ഹൗസിന് മേൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നതായാണ് സൂചന.
യുദ്ധം മുറുകുന്നതോടെ കുർദിഷ് വിഭാഗങ്ങൾ ഇറാനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഇറാൻ-ഇറാഖ് അതിർത്തിയിലെ തന്ത്രപ്രധാനമായ മേഖലകൾ കുർദിഷ് പോരാളികളുടെ നിയന്ത്രണത്തിലാണ്. 'പെഷ്മെർഗ' എന്നറിയപ്പെടുന്ന ഇവരുടെ സൈന്യത്തിന് ദശാബ്ദങ്ങളുടെ യുദ്ധപരിചയമുണ്ട്. സിറിയയിൽ ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചവരാണിവർ.
യുദ്ധം തുടങ്ങുന്നതിന് ആറ് ദിവസം മുമ്പ് തന്നെ ഇറാഖ് ആസ്ഥാനമായുള്ള അഞ്ച് കുർദിഷ് വിമത ഗ്രൂപ്പുകൾ ചേർന്ന് 'കോയലിഷൻ ഓഫ് പൊളിറ്റിക്കൽ ഫോഴ്സസ് ഓഫ് ഇറാനിയൻ കുർദിസ്താൻ' എന്ന പേരിൽ സഖ്യം രൂപവത്കരിച്ചിരുന്നു. തെഹ്‌റാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ സഖ്യത്തിന് അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുണ്ടെന്നാണ് കരുതപ്പെടുന്നത്.
കുർദിഷ് പോരാളികൾ ഇറാൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറി ആക്രമണം നടത്തിയാൽ അത് ഇറാനിയൻ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും. പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ സങ്കീർണമായ തലങ്ങളിലേക്ക് നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

