‘അത് വെറും തമാശ’; യുഎഫ്സി മേധാവി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമെന്ന പ്രസ്താവനയിൽ ട്രംപ്
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: യു.എസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് അൽട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് (യു.എഫ്.സി) മേധാവി ഡാന വൈറ്റിനെ നയമിക്കുമെന്ന സമൂഹമാധ്യമ പോസ്റ്റിൽ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതുതമാശയായി പറഞ്ഞതാണെന്ന് ട്രംപ് പറഞ്ഞു.
ഡാന വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാക്കുമെന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റിന് പിന്നാലെ വലിയ ചർച്ചകൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾ തയ്യാറെടുക്കുന്നതിനിടയിൽ, അവരെ നേരിടാൻ പോരാട്ടവീര്യമുള്ള വൈറ്റിനെ രംഗത്തിറക്കുമെന്ന സൂചനയായിരുന്നു ഈ പോസ്റ്റുകൾ നൽകിയിരുന്നത്.
എന്നാൽ ഈ പദവി ഏറ്റെടുക്കുന്നതിൽ ഡാന വൈറ്റിന് താൽപ്പര്യമുണ്ടെന്ന് സൂചിപ്പിച്ച ട്രംപ്, പക്ഷേ താൻ ഗൗരവത്തോടെയല്ല ഇക്കാര്യം പറഞ്ഞതെന്നും അതൊരു തമാശ മാത്രമാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രമുഖ യുഎഫ്സി താരങ്ങളുടെ ചിത്രങ്ങൾ ഡാന വൈറ്റിന്റെ സഹായികളായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതും ഈ തമാശയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഒരുങ്ങുന്ന രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ വന്നിരിക്കുന്നത്.
ഡാന വൈറ്റിനെ ഡോണൾഡ് ട്രംപ് നിയമിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ട്രംപ് പ്രഖ്യാപിച്ച പ്രസ് സെക്രട്ടറി പദവിയിലേക്ക് മറ്റൊരു ‘ഡാന വൈറ്റിനെയാണ്’ ആൾ മാറി നിർദ്ദേശിച്ചിട്ടുണ്ടാകുക എന്ന തരത്തിലുള്ള തമാശകളും അഭ്യൂഹങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നത്.
ട്രംപിന്റെ ദീർഘകാല സുഹൃത്തും യുഎഫ്സി പ്രസിഡന്റും സി.ഇ.ഒയുമായ ഡാന വൈറ്റിന് പ്രസ് സെക്രട്ടറി പദവി വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്.
‘മഹാനായ ഡാന വൈറ്റിന്, അക്രമാസക്തനായ ഒരു പോരാളിക്കും യോദ്ധാവിനും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസ് സെക്രട്ടറി പദവി വാഗ്ദാനം ചെയ്തുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഡാന, ദയവായി ഈ ജോലി ഏറ്റെടുക്കുക’- എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിന് പിന്നാലെ വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ പോഡിയത്തിന് പിന്നിൽ നിൽക്കുന്ന തന്റെ ഒരു എഐ ചിത്രം ഡാന വൈറ്റ് പങ്കുവെച്ചിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
‘അടുത്ത അധ്യായത്തിലേക്ക്’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. തനിക്ക് പദവി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ട്രംപിന്റെ കുറിപ്പിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബർ 16ന് ഒരാഴ്ച തികയും മുമ്പ് കാറ്റി സഖാരിയ പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടർന്ന് വൈറ്റ് ഹൗസിൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രഥമ ബ്രീഫിങിന് തൊട്ടുപിന്നാലെ നിയമവിദ്യാർഥിനിയാണെന്ന മുൻ അവകാശവാദങ്ങളുടെ പേരിൽ കടുത്ത വിമർശനങ്ങളാണ് കാറ്റി സഖാരിയ നേരിട്ടത്. അതിനുമുമ്പ് ട്രംപിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയായിരുന്ന കരോലിൻ ലേവിറ്റിന്റെ പകരക്കാരിയായി ഒക്ടോബർ ഒമ്പതിനാണ് കാറ്റി നിയമിതയായിരുന്നത്. ഈ പെട്ടെന്നുള്ള മാറ്റങ്ങളാണ് പുതിയ പ്രസ് സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്.

