Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബിബിക്ക് വോട്ട് ചെയ്യൂ’; ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്

text_fields
bookmark_border
‘ബിബിക്ക് വോട്ട് ചെയ്യൂ’; ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്
cancel
camera_altഡോണൾഡ് ട്രംപ്, ബിന്യമിന്‍ നെതന്യാഹു

വാഷിങ്ടൺ: ഇസ്രായേലിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി വീണ്ടും ഡോണൾഡ് ട്രംപ്. ‘ബിബിക്ക് വോട്ട് ചെയ്യൂ’ എന്ന ആഹ്വാനവുമായി ട്രംപ് രംഗത്തെത്തിയതോടെ ഇസ്രയേൽ രാഷ്ട്രീയത്തിൽ അമേരിക്കൻ ഇടപെടൽ ചർച്ചയാകുകയാണ്. ഇറാനെതിരായ സൈനിക നീക്കങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും ഉയർത്തിക്കാട്ടിയാണ് നെതന്യാഹുവിന് ട്രംപ് പിന്തുണ നൽകുന്നത്. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത് ഇസ്രായേൽ ജനതയാണെന്ന നിലപാടുമായി പ്രതിപക്ഷവും രംഗത്തുണ്ട്. ഒക്ടോബർ 27നാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വീണ്ടും നെതന്യാഹുവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. നെതന്യാഹുവിനെ മികച്ച പോരാളിയായും പ്രധാനമന്ത്രിയായും വിശേഷിപ്പിച്ച അദ്ദേഹം, ഇരുവരും ചേർന്ന് ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിനായി പോകുമ്പോൾ നെതന്യാഹുവിന് നൽകിയ തന്റെ പിന്തുണ ഓർക്കണമെന്നും ട്രംപ് ഇസ്രായേൽ ജനതയെ ഓർമിപ്പിച്ചു. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരായി നടത്തിയ സൈനിക നീക്കങ്ങളെ പരാമർശിച്ചുകൊണ്ടാണ് ട്രംപ് നെതന്യാഹുവിന് പിന്തുണ അറിയിച്ചത്.

ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ, ഓപ്പറേഷൻ എപ്പിക് ഫ്യൂറി തുടങ്ങിയ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ ആണവായുധ ഭീഷണി തടയാനും, സൈനിക ശേഷിക്കും സമ്പദ്‌വ്യവസ്ഥക്കും കനത്ത തിരിച്ചടിയുണ്ടാക്കാനും സാധിച്ചുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് നെതന്യാഹുവിന് പിന്തുണ നൽകുന്നത്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സഹകരണം തുടരുന്നതിന് നെതന്യാഹുവിന്റെ നേതൃത്വം പ്രധാനമാണെന്നും ട്രംപ് വാദിക്കുന്നു.

അതേ സമയം ഇസ്രായേലിന്‍റെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ പൗരന്മാരാണെന്ന് നെതന്യാഹുവിന്റെ എതിരാളിയായ മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട് അറിയിച്ചു. ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തിന്റെ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള അധികാരം അവിടത്തെ വോട്ടർമാർക്കാണെന്നും ഐസൻകോട് വ്യക്തമാക്കി.

നിലവിൽ ഈ തെരഞ്ഞെടുപ്പിന്റെ ഫലം നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല, ഇറാനെതിരായ ഇസ്രയേലിന്റെ നയത്തെയും അമേരിക്കയുമായുള്ള ബന്ധത്തെയും സ്വാധീനിച്ചേക്കാം. അതേസമയം, ട്രംപിന്റെ പരസ്യ പിന്തുണ വോട്ടർമാരുടെ തീരുമാനത്തെ എത്രത്തോളം സ്വാധീനിക്കുമെന്നത് തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിർത്തി മാത്രമേ പറയാനാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US Interference Sparks Israel Election Debate
Next Story