അടവ് മാറ്റി ട്രംപ്; പൂട്ടൊന്ന് മുറുക്കി അമേരിക്ക, ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായും, സമാധാന ചർച്ചകൾക്കായി പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ ഇറാന് കൂടുതൽ സമയം അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ചൊവ്വാഴ്ച അവസാനിക്കാനിരുന്ന വെടിനിർത്തൽ കരാറാണ് പാകിസ്താന്റെ മധ്യസ്ഥതയെത്തുടർന്ന് നീട്ടിയത്. എന്നാൽ ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നീട്ടുന്നതിനെ ശക്തമായി എതിർത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. ഇറാൻ ഭരണകൂടത്തിനുള്ളിലെ ഭിന്നതകൾ ചർച്ചകളെ ബാധിക്കുന്നുണ്ടെന്നും പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു.
"ഇറാൻ ഭരണകൂടം ഭിന്നിച്ചിരിക്കുകയാണ്. അവരുടെ പ്രതിനിധികൾക്ക് ഏകീകൃതമായ ഒരു നിർദേശം മുന്നോട്ടുവെക്കാൻ സാധിക്കുന്നത് വരെ ആക്രമണം തൽക്കാലം നിർത്തിവെക്കാൻ ഞാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്." - ട്രംപ് പറഞ്ഞു. നേരത്തേ വെടിനിർത്തൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായി വീണ്ടും യുദ്ധത്തിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ തീരുമാനത്തെ പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് സ്വാഗതം ചെയ്തു. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിലൂടെ ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം വാർത്തയോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തുറമുഖ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇറാന്റെ ആണവ പദ്ധതിയുടേയും മിസൈൽ നിർമാണത്തിന്റേയും പൂർണ്ണമായ അന്ത്യമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത്. ഇതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും അമേരിക്കൻ നാവിക സേനക്ക് നേരേ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹുർമുസിൽ യു.എസ് നടപടി കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചതോടെയാണ് ചർച്ചകൾ അനിശ്ചിതത്വമായത്.
രണ്ടാഴ്ചത്തെ താൽകാലിക വെടിനിർത്തലിന് ശേഷം മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഉപരോധവും സംബന്ധിച്ച തർക്കം ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

