യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടെന്ന ആരോപണം ആവർത്തിച്ച് ട്രംപ്; അന്വേഷിക്കാൻ എഫ്.ബി.ഐക്ക് നിർദേശം
text_fieldsവാഷിങ്ടൺ: 2020-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടെന്ന ആരോപണം വീണ്ടും ഉന്നയിച്ച് പ്രസിഡന്‍റ് ട്രംപ്. "തെരഞ്ഞെടുപ്പ് ഡാറ്റയുടെ ഏറ്റവും വലിയ ചോർച്ചയാണ്" ബീജിങ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. 'ഏറ്റവും വലിയ ഒത്തുതീർപ്പ്' എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. 2020 തെരഞ്ഞെടുപ്പിൽ ചൈന വഹിച്ച പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ എഫ്.ബി.ഐക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കാലയളവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഡാറ്റാ ചോർച്ചയാണ് ചൈന നടത്തിയതെന്നും 220 ദശലക്ഷം യുഎസ് വോട്ടർമാരുടെ വിവരങ്ങൾ ചൈന അനധികൃതമായി ചോർത്തിയെന്നും ട്രംപ് ആരോപിച്ചു. 'ഞാൻ ഡയറക്ടറേറ്റ് ഓഫ് നാഷണൽ ഇന്റലിജൻസിനോടും എഫ്.ബി.ഐയോടും ചൈനയെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുന്നു' എന്ന് പറഞ്ഞ ട്രംപ്, 'ഈ ഡാറ്റാ നഷ്ടം സമാനതകളില്ലാത്ത ഒരു തെരഞ്ഞെടുപ്പ് സുരക്ഷാ ദുരന്തമാണ്' എന്നും കൂട്ടിച്ചേർത്തു.
ഈ ആരോപണം നേരത്തെയും ട്രംപ് ഉന്നയിച്ചിരുന്നു. എന്നാൽ 2020-ലെ വോട്ടെടുപ്പിൽ ചൈന ഇടപെട്ടതിന് തെളിവുകളില്ലെന്നായിരുന്നു യു.എസ് ഇന്റലിജൻസ് വിലയിരുത്തൽ. അതിന് വിപരീതമായാണ് ട്രംപിന്റെ പുതിയ ആരോപണങ്ങൾ. ചൈനീസ് ഇടപെടലിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ യു.എസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ മനഃപൂർവ്വം മറച്ചുവെച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ച 2020-ലെ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ട്രംപും അനുയായികളും അതിനെതിരെ 60-ലധികം കേസുകൾ ഫയൽ ചെയ്തിരുന്നു. എന്നാൽ വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി തെളിയിക്കാൻ സാധിച്ചിട്ടില്ല.
ട്രംപിന്റെ പുതിയ ആരോപണങ്ങളെക്കുറിച്ച് ചൈനീസ് എംബസി വക്താവ് ലിയു ചാങ് പ്രതികരിച്ചു. 'ചൈന ഒരിക്കലും യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടിട്ടില്ല, മേലിലും ഇടപെടില്ല'- ലിയു ചാങ് റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇതിനു പിന്നാലെ ട്രംപിന്‍റെ ആരോപണത്തെ പിന്തുണച്ച് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് രംഗത്തെത്തി. 2020-ലെ വോട്ടെടുപ്പിൽ ചൈനയുടെ പങ്കിനെക്കുറിച്ചുള്ള രഹസ്യരേഖകൾ രഹസ്യാന്വേഷണ ഏജൻസി പരസ്യമായി പുറത്തുവിടുമെന്ന് റാറ്റ്ക്ലിഫ് പറഞ്ഞു. “നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിന്റെ സമഗ്രതയെയും വിദേശ സ്വാധീനങ്ങളിൽ നിന്നും ഇടപെടലുകളിൽ നിന്നും സംരക്ഷിക്കുന്നത് പരമപ്രധാനമാണ്. വെനിസ്വേലൻ ഗവൺമെന്റ് ഇലക്ട്രോണിക് വോട്ടിങ് സംവിധാനങ്ങളെ കൃത്രിമമായി മാറ്റാനുള്ള കഴിവുകൾ വികസിപ്പിച്ചെടുത്തതായി കാണിക്കുന്ന പ്രധാന ഇന്റലിജൻസ് റിപ്പോർട്ടുകൾ ഞങ്ങൾ തയ്യാറാക്കിയത് ഇതിനാലാണ്, ഇത് യുഎസ് തെരഞ്ഞെടുപ്പ് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു,” എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ റാറ്റ്ക്ലിഫ് പറഞ്ഞു.
യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ചൈനയുടെ ദുരുദ്ദേശ്യപരമായ ശ്രമങ്ങളെക്കുറിച്ച് താൻ നേരത്തെയും പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

