നായകൾ ഈ പാലത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യും; വിചിത്രമായ ‘ഡോഗ് സൂയിസൈഡ് ബ്രിഡ്ജി’ന്‍റെ കഥ
text_fieldsഡോഗ് സൂയിസൈഡ് ബ്രിഡ്ജ്
സ്കോട്‌ലൻഡിലെ ഡംബാർട്ടനു സമീപം ഒരു വിചിത്രമായ പാലമുണ്ട്. നായകൾ ഇവിടെ എത്തിയാൽ ഈ പാലത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടും. സ്കോട്ട്ലൻഡിലെ വെസ്റ്റ് ഡൺബാർട്ടൺഷയറിലുള്ള ഒരു പാലമാണ് ഓവർടൗൺ ബ്രിഡ്ജ്. 1950കളിൽ നായകൾ ഈ പാലത്തിൽ നിന്ന് ചാടി താഴെയുള്ള പാറകളിൽ വീണ് മരിക്കുന്നത് പതിവായതിനെത്തുടർന്ന് ‘ഡോഗ് സൂയിസൈഡ് ബ്രിഡ്ജ്’ എന്ന പേരിൽ ലോകമെമ്പാടും കുപ്രസിദ്ധമായ പാലമാണിത്. 1895ൽ ഗോഥിക് ശൈലിയിൽ നിർമിച്ച ഈ പാലം ഏകദേശം 50 അടി (15 മീറ്റർ) താഴ്ചയുള്ള സ്പാർഡി ലിൻ എന്ന ആഴമേറിയ മലയിടുക്കിന് കുറുകേയാണ് കടന്നുപോകുന്നത്.
1950കൾ മുതൽ ഈ പാലത്തിൽ നിന്ന് 300 മുതൽ 600 വരെ നായകൾ ചാടിയിട്ടുണ്ട് എന്നും അതിൽ 50ൽ അധികം നായകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചാടി രക്ഷപ്പെട്ട ചില നായകൾ വീണ്ടും പാലത്തിൽ തിരിച്ചെത്തി ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇന്നും ഒരു രഹസ്യമായി തുടരുന്നു. പലവിധ വിശദീകരണങ്ങൾ ഇതിന് നൽകുന്നുണ്ട്.
പാലത്തിന്റെ താഴെയുള്ള മലയിടുക്കിൽ മിങ്ക്, അണ്ണാൻ, പൈൻ മാർട്ടൻസ് തുടങ്ങിയ വന്യജീവികൾ കൂടുകൂട്ടിയിട്ടുണ്ട്. ഇവയുടെ ശക്തമായ ഗന്ധം പ്രത്യേകിച്ച് മിങ്കിന്റെ ഗന്ധം നായകളുടെ മൂർച്ചയേറിയ ഘ്രാണശക്തിയെ ആകർഷിക്കുകയും ഗന്ധം പിന്തുടർന്ന് നായകൾ മതിലിന് മുകളിലേക്ക് ചാടുകയും ചെയ്യാം. പാലത്തിന്റെ ഉയരം കൂടിയ കല്ലുകൊണ്ടുള്ള മതിലുകൾ കാരണം നടക്കുമ്പോൾ നായകൾക്ക് താഴെയുള്ള മലയിടുക്ക് കാണാൻ കഴിയില്ല. ഗന്ധം മാത്രം പിന്തുടർന്ന് മതിലിന് മുകളിലേക്ക് ചാടുമ്പോൾ താഴെ ആഴമേറിയ കൊക്കയാണെന്ന് അവ മനസിലാക്കാത്തതും ഇതിനൊരു കാരണമായി പറയപ്പെടുന്നുണ്ട്.
ഓവർടൗൺ എസ്റ്റേറ്റ് ഉടമയായിരുന്ന ജോൺ വൈറ്റിന്റെ ഭാര്യയുടെ പ്രേതം പാലത്തിന് സമീപം ഉണ്ടെന്നും ഈ പ്രേതസാന്നിധ്യമാണ് നായകളെ ആകർഷിച്ച് ചാടാൻ പ്രേരിപ്പിക്കുന്നതെന്നും ചില പ്രദേശവാസികൾ വിശ്വസിക്കുന്നു. 1994ൽ ഒരു പിതാവ് തന്റെ നവജാതശിശുവിനെ ഈ പാലത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ ഒരു ദാരുണമായ സംഭവമുണ്ടായി. ഈ ദുരന്തം മൂലമുണ്ടായ നെഗറ്റീവ് ഊർജ്ജമാണ് നായ്കളുടെ വിചിത്രമായ പെരുമാറ്റത്തിന് കാരണമെന്നും ചിലർ വിശ്വസിക്കുന്നു. 2010ൽ സ്കോട്‌ലൻഡിലെ മൃഗ സംരക്ഷണ സമിതി കാര്യങ്ങൾ അന്വേഷിക്കാനായി ഒരു പ്രത്യേക പ്രതിനിധിയെ ഓവർടൻ ബ്രിജിലേക്ക് അയച്ചു. അയാൾക്കും കാരണമൊന്നും കണ്ടെത്താനായില്ല. എന്നാൽ പാലത്തിൽ എന്തോ വിശദീകരിക്കാനാകാത്ത വിചിത്രതയുണ്ടെന്ന് അയാൾ റിപ്പോർട്ടിൽ എഴുതിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

