പ്രതിഷേധം മൂന്നു മാസം പിന്നിട്ടു; ഇറാൻ മുൻ പരമോന്നത നേതാവിന്‍റെ വീട് കത്തിച്ചതായി റിപ്പോർട്ട്
text_fieldsതെഹ്റാൻ: മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭം മൂന്നുമാസം പിന്നിട്ടിരിക്കെ ഇറാനിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ പഴയ വീടിന് തീയിട്ടതായി റിപ്പോർട്ട്. ഖുമൈനിയുടെ ജന്മസ്ഥലമായ ഖുമൈൻ നഗരത്തിലെ മ്യൂസിയമായി മാറിയ വീടിന് വ്യാഴാഴ്ച തീയിട്ടതായാണ് മാധ്യമ റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
1989ൽ ആയത്തുല്ല ഖുമൈനി മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി ആയത്തുല്ല അലി ഖാംനഇക്കെതിരെയും പ്രതിഷേധം വ്യാപകമാണ്. മതകാര്യ പൊലീസ് കസ്റ്റഡിയിലിരിക്കെ സെപ്റ്റംബർ 16ന് കുർദ് യുവതി മഹ്സ അമീനി (22) മരിച്ചതിനു പിന്നാലെയാണ് ഇറാനിലുടനീളം പ്രതിഷേധം വ്യാപിച്ചത്. ഹിജാബ് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തെഹ്‌റാനിലെ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
348 പ്രതിഷേധക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 15,900 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധങ്ങൾക്ക് പിന്നിൽ യു.എസും ഇസ്രായേലും ആണെന്നാണ് ഇറാന്റെ ആരോപണം.
നാലു പ്രതിഷേധക്കാർക്കുകൂടി വധശിക്ഷ
അതിനിടെ സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാലുപേർക്കുകൂടി ഇറാൻ വധശിക്ഷ വിധിച്ചു. ഇതോടെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി. എന്നാൽ, മനുഷ്യാവകാശ പ്രവർത്തകർ വധശിക്ഷയെ ശക്തമായി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

