Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ശത്രുക്കൾ വെടിനിർത്തലിനായി യാചിച്ചു'; യു.എസ്-ഇറാൻ യുദ്ധത്തിൽ വിജയം ആഘോഷിച്ച് തെഹ്‌റാൻ

text_fields
bookmark_border
ശത്രുക്കൾ വെടിനിർത്തലിനായി യാചിച്ചു; യു.എസ്-ഇറാൻ യുദ്ധത്തിൽ വിജയം ആഘോഷിച്ച് തെഹ്‌റാൻ
cancel

തെഹ്‌റാൻ: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വൻ വിജയം പ്രഖ്യാപിച്ച് ഇറാൻ. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും അമേരിക്കൻ ഭരണകൂടം വെടിനിർത്തലിനായി ഇറാന് മുന്നിൽ യാചിക്കുകയായിരുന്നുവെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പറഞ്ഞു.

"പ്രിയപ്പെട്ട ഇറാൻ ജനതക്ക് ഒരു ശുഭവാർത്ത! യുദ്ധത്തിന്റെ മിക്ക ലക്ഷ്യങ്ങളും നമ്മൾ കൈവരിച്ചിരിക്കുന്നു," എന്ന് സുരക്ഷാ കൗൺസിൽ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി അമേരിക്ക വെടിനിർത്തലിനായി ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാകുന്നത് വരെ ഇറാൻ അത് നിരസിക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെയും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ ആരംഭിക്കും. പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ ഉപാധികൾ വാഷിങ്ടണിനെ അറിയിച്ചത്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി പത്തിനം കർമ്മപദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാനിയൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ മാത്രമേ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനുവദിക്കുകയുള്ളൂ, മേഖലയിലെ എല്ലാ താവളങ്ങളിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുക, യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകുക, ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും നീക്കുകയും വിദേശത്തുള്ള ഇറാന്റെ ആസ്തികൾ വിട്ടുനൽകുകയും ചെയ്യുക, തുടങ്ങിയ വ്യവസ്ഥകളാണ് ഇറാൻ മുന്നോട്ട് വെച്ചത്.

അതേസമയം വെടിനിർത്തൽ കരാർ യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ തങ്ങൾ മുന്നോട്ടുവെച്ച പത്തിനം ആവശ്യങ്ങളിൽ അന്തിമ തീരുമാനമായാൽ മാത്രമേ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇറാൻ. അമേരിക്ക ചരിത്രപരമായ പരാജയത്തിലേക്കും നിസ്സഹായാവസ്ഥയിലേക്കും നീങ്ങിയെന്നും ഇറാൻ അവകാശപ്പെട്ടു.

അതേസമയം അമേരിക്കൻ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് വെടിനിർത്തലെന്നാണ് ഡോണാൾഡ് ട്രംപിന്റെ വാദം. വരും ആഴ്ചകളിൽ സമാധാന കരാർ അന്തിമരൂപത്തിലെത്തുമെന്ന് അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Enemy Begged For Ceasefire': Tehran Declares Victory As US-Iran Truce Takes Hold
Next Story