പതിറ്റാണ്ടുകളായുള്ള ഏകാധിപത്യത്തിന് വിരാമം; സിറിയയിൽ വോട്ടെടുപ്പ്
text_fieldsപാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിറിയയിലെ ഡമാസ്കസിൽ പുതിയ കട തുറന്നതിന്റെ ആഘോഷം
ഡമസ്കസ്: ബശ്ശാർ അൽ അസദിനെ പുറത്താക്കിയതിന് ശേഷം സിറിയയിൽ പരോക്ഷ വോട്ടെടുപ്പ് തുടങ്ങി. ബശ്ശാർ പുറത്തായതിന് ശേഷമുള്ള സിറിയയിലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. പുതിയ നിയമസാമാജികരെ തെരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടാണ് വോട്ടെടുപ്പ്. രാവിലെ ഒമ്പതിന് തുടങ്ങിയ പരോക്ഷ വോട്ടെടുപ്പിൽ സിറിയയിലെ ഇലക്ടറൽ കോളജുകളിലെ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ 6,000 ഇലക്ടറുകൾ വോട്ട് രേഖപ്പെടുത്തും. വൈകുന്നേരം അഞ്ചു മണിയോട് കൂടി വോട്ടെടുപ്പ് അവസാനിക്കുകയും ചെയ്യും.
കഴിഞ്ഞ ഡിസംബറിൽ ബശ്ശാറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത് നിലവിലെ സിറിയൻ പ്രസിഡന്റ് അൽ ഷാറയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ്. ഈ ആഴ്ച സെമിനാറുകളിലും സംവാദങ്ങളിലും പരിചയപ്പെടുത്തിയ 1,570 സ്ഥാനാർഥികൾക്കാണ് പ്രസിഡന്റ് ഷാറ നിയമിച്ച കമ്മിറ്റി അംഗീകാരം നൽകിയത്.
ഇന്ന് നടന്ന വോട്ടെടുപ്പിൽ 210 സീറ്റുകളുള്ള പാർലമെന്റിലെ മൂന്നിൽ രണ്ട് ഭാഗത്തെയും തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് രാത്രി തന്നെ പ്രഖ്യാപിച്ചേക്കും. എന്നാൽ അവസാന ഘട്ടത്തെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഷാറ പുറത്തുവിട്ടിട്ടില്ല. മുഴുവൻ പേരെയും തിരഞ്ഞെടുത്ത് കഴിഞ്ഞാലേ നിയമസഭക്ക് പ്രാബല്യത്തിൽ വരാൻ സാധിക്കുകയുള്ളൂ.
ജനസംഖ്യ ഡാറ്റയുടെ അഭാവവും ആഭ്യന്തരയുദ്ധം മൂലം ദശലക്ഷക്കണക്കിന് സിറിയക്കാർ പലായനം ചെയ്തതും കാരണമാണ് സാർവത്രിക വോട്ടവകാശത്തിന് പകരം ഈ സംവിധാനം നടപ്പിലാക്കേണ്ടത് വന്നതെന്ന് അധികാരികൾ അറിയിച്ചു. എന്നാൽ ഭാഗികവും പരോക്ഷവുമായ വോട്ട് രീതിയിലൂടെ സാധാരണക്കാർക്ക് പ്രാതിനിധ്യമില്ലാതാവുകയും തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിന് കാരണമാകുമെന്നും വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

