Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

80 ലക്ഷത്തിലധികം കുട്ടികൾ സ്കൂളിന് പുറത്ത്; സുഡാനിൽ ഒരു തലമുറയുടെ ഭാവി അപകടത്തിലെന്ന് യു.എൻ

text_fields
bookmark_border
80 ലക്ഷത്തിലധികം കുട്ടികൾ സ്കൂളിന് പുറത്ത്; സുഡാനിൽ ഒരു തലമുറയുടെ ഭാവി അപകടത്തിലെന്ന് യു.എൻ
cancel

ഖാർത്തൂം: മൂന്ന് വർഷത്തിലേറെയായി തുടരുന്ന സുഡാനിലെ ആഭ്യന്തര യുദ്ധം രാജ്യത്തെ ഒരു തലമുറയുടെ ഭാവിയെ അപകടത്തിലാക്കിയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. യുദ്ധത്തെ തുടർന്ന് 80 ലക്ഷത്തിലധികം കുട്ടികൾ ക്ലാസ് മുറികളിൽ നിന്ന് പുറത്താണെന്ന് യു.എൻ അറിയിച്ചു. സുഡാനിലെ വിദ്യാഭ്യാസം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യു.എൻ സുരക്ഷാ കൗൺസിൽ ചർച്ചയിലാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.

സുഡാനിൽ യുദ്ധം കവർന്നെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഇത് രാജ്യത്തിന്‍റെ ഭാവിയെ ബാധിക്കുമെന്നും യുദ്ധം ഒരു മുഴുവൻ തലമുറയുടെ ഭാവി നശിപ്പിക്കുകയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2023 ഏപ്രിലിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ദാർഫൂർ മേഖലയിൽ മുക്കാൽ ഭാഗത്തോളം സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണമായും നശിക്കുകയോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാകുകയോ ചെയ്തതായി യു.എൻ അറിയിച്ചു. രാജ്യത്ത് ആറ് കുട്ടികളിൽ അഞ്ച് പേരും സ്കൂളിന് പുറത്താണ്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനേക്കാൾ സുരക്ഷിതം വീട്ടിൽ നിർത്തുന്നതാണെന്ന് പല മാതാപിതാക്കളും കരുതുന്നതായും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പറഞ്ഞു. കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ഏക ഇടമായി പല മാതാപിതാക്കളും ഇപ്പോൾ വീടിനെയാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.

2024 മുതൽ സുഡാനിൽ 67 ലധികം സ്കൂളുകൾക്ക് നേരെ ആക്രമണം നടന്നതായി യു.എൻ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 154 ലധികം തവണ സ്കൂളുകൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. യഥാർഥ കണക്ക് ഇതിലും കൂടുതലായിരിക്കാമെന്നും യു.എൻ വ്യക്തമാക്കി. യുദ്ധത്തെ തുടർന്ന് സുഡാനിലെ പകുതിയിലധികം അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. എന്നിട്ടും നിരവധി അധ്യാപകർ ഇതിനിടയിലും കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു.

മുൻകാല യുദ്ധങ്ങളിൽ സുഡാന് ഇതിനകം ഒരു തലമുറയെ നഷ്ടപ്പെട്ടു. ഇപ്പോൾ മറ്റൊരു തലമുറയെയും രാജ്യം നഷ്ടപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു. യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ് നേരിടേണ്ടി വരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടമാണ് 2023 ഏപ്രിലിൽ നിലവിലെ യുദ്ധത്തിന് തുടക്കമിട്ടത്. സംഘർഷം ആരംഭിച്ചതിന് ശേഷം ഏകദേശം 1.5 കോടി ആളുകൾ പലായനം ചെയ്തതായി യു.എൻ കണക്കുകൾ വ്യക്തമാക്കുന്നു.

യൂണിസെഫിന്റെ കണക്കനുസരിച്ച് സുഡാനിൽ ഏകദേശം 3.3 കോടി ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണ്. ഇവരിൽ പകുതിയിലധികവും കുട്ടികളാണ്. യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതായി യൂണിസെഫ് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.

യു.എന്നും സഹസംഘടനകളും ഈ വർഷം 10 ലക്ഷത്തിലധികം കുട്ടികളെ പഠനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ആവശ്യമായ കുട്ടികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്നും അവർ പറഞ്ഞു.

സുഡാൻ സന്ദർശിച്ച യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടുർക്ക് കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി, സുഡാനിലെ സ്ഥിതിഗതികൾ “വെറുമൊരു സംഘർഷമല്ലെന്നും ഇപ്പോൽ നടക്കുന്നത് മനുഷ്യാവകാശ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നത് സുഡാന്റെ ഭാവി തന്നെ അപകടത്തിലാകുകയാണെന്നും കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കാൻ കഴിയുന്ന സാഹചര്യം അടിയന്തരമായി ഉറപ്പാക്കേണ്ടതുണ്ടെന്നും യു.എൻ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സുഡാനിലെ വിദ്യാഭ്യാസ പ്രതിസന്ധി
Next Story