ആഭ്യന്തര യുദ്ധം അവസാനിപ്പിക്കൽ; സമാധാന പദ്ധതിയുമായി സുഡാൻ പ്രധാനമന്ത്രി
text_fieldsകാമിൽ ഇദ്‍രീസ്
ഐക്യരാഷ്ട്ര സഭ: സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ യു.എന്നിനു മുന്നിൽ വിപുലമായ സമാധാന പദ്ധതി അവതരിപ്പിച്ച് സുഡാൻ ഇടക്കാല പ്രധാനമന്ത്രി. ഐക്യരാഷ്ട്ര സഭയുടെയും ആഫ്രിക്കൻ യൂനിയന്റെയും അറബ് ലീഗിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തൽ നടപ്പാക്കുകയും വിമത അർധ സൈനിക വിഭാഗം പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യണമെന്നാണ് സുഡാനിലെ ഇടക്കാല ഗവൺമെന്റിന് നേതൃത്വം നൽകുന്ന കാമിൽ ഇദ്‍രീസ് അവതരിപ്പിച്ച സമാധാന പദ്ധതിയിലെ പ്രധാന നിർദേശം.
എന്നാൽ, സുഡാൻ സർക്കാറും വിമത അർധ സൈനിക വിഭാഗവും തമ്മിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. തന്റെ സമാധാന പദ്ധതിക്ക് പിന്തുണ നൽകണമെന്ന് കാമിൽ ഇദ്‍രീസ് യു.എൻ രക്ഷാസമിതി അംഗരാജ്യങ്ങളോട് അഭ്യർഥിച്ചു. 2023 ഏപ്രിലിലാണ് സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിൽ അധികാര വടംവലിയുടെ ഭാഗമായി ഏറ്റുമുട്ടൽ ആരംഭിച്ചത്.
ആഭ്യന്തര യുദ്ധം വംശീയ കൂട്ടക്കൊലകൾക്കും കൂട്ട ബലാത്സംഗത്തിനും പലായനത്തിനും വഴിവെച്ചു. സുഡാനിൽ യുദ്ധക്കുറ്റങ്ങളും മാനവികതക്കെതിരായ കുറ്റങ്ങളും നടക്കുന്നതായി വിവിധ യു.എൻ ഏജൻസികളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. യു.എൻ കണക്കുകൾ പ്രകാരം സുഡാൻ ആഭ്യന്തര യുദ്ധത്തിൽ നാൽപതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

