40 ഇറാനിയൻ നാവികരെ സ്വദേശത്തേക്ക് മടക്കിയയച്ച് ശ്രീലങ്ക; വൈദ്യസഹായവും നൽകി
text_fieldsകൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്തിനുസമീപം അപകടാവസ്ഥയിലായ കപ്പലിൽനിന്ന് രക്ഷപ്പെടുത്തിയ 40 ഇറാനിയൻ നാവികരെ വൈദ്യസഹായം നൽകിയശേഷം സ്വദേശത്തേക്ക് മടക്കി യയച്ചു. ശനിയാഴ്ച പുലർച്ചെ വിമാനമാർഗമാണ് ഇവരെ ഇറാനിലേക്ക് അയച്ചതെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നാവികരുടെ മടക്കയാത്രക്കാവശ്യമായ ക്രമീകരണങ്ങളുടെ ചെലവ് ഇറാൻ എംബസിയാണ് വഹിച്ചത്. സ്വദേശത്തേക്ക് മടങ്ങുന്നതിനുമുമ്പ് 40 പേർക്കും ആവശ്യമായ വൈദ്യപരിചരണം നൽകിയതായും വക്താവ് വ്യക്തമാക്കി.
ശ്രീലങ്കയുടെ തെക്കൻ തീരത്തെ തുറമുഖ നഗരമായ ഗാലെയിൽനിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ ഒരു ചരക്കുകപ്പൽ അപകടാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ശ്രീലങ്കൻ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ശ്രീലങ്കൻ തീരത്തിനുസമീപം ഇറാനിയൻ കപ്പലുകൾ ഉൾപ്പെട്ട തുടർച്ചയായ സംഭവങ്ങളും ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്കെതിരായ യു.എസ് ഉപരോധവും ചർച്ചയാകുന്നതിനിടെയാണ് നാവികരെ സ്വദേശത്തേക്ക് മടക്കിയയച്ചത്. കഴിഞ്ഞ മാർച്ചിൽ ശ്രീലങ്കൻ സമുദ്രാതിർത്തിക്കുപുറത്ത് ഇറാന്റെ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ദേനയെ അമേരിക്കൻ അന്തർവാഹിനി ആക്രമിച്ച് മുക്കിയിരുന്നു. സംഭവത്തിൽ കുറഞ്ഞത് 84 ഇറാനിയൻ നാവികരാണ് കൊല്ലപ്പെട്ടത്.

