ശൈഖ് ഹസീന കുറ്റക്കാരിയെന്ന് ട്രൈബ്യൂണൽ; പരമാവധി ശിക്ഷ അർഹിക്കുന്നു
text_fieldsധാക്ക: ബംഗ്ലാദേശിൽ കഴിഞ്ഞവർഷമുണ്ടായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ. കുറ്റക്കാരിയായ ഹസീനക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും.
വിധിക്ക് മുന്നോടിയായി, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ധാക്കയിലും അയൽ പ്രദേശങ്ങളിലും സംഘർഷം രൂക്ഷമാകുന്നതിനാൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഹസീനക്കെതിരെ ആകെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ വിന്യസിക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കൽ, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിധി വരുന്നതിന് തൊട്ടുമുമ്പായി താൻ നിരപരാധിയാണെന്നും അവാമി ലീഗിനെ തളർത്താൻ കഴിയില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ സന്ദേശം ഹസീന അനുയായികൾക്കായി പുറത്തുവിടിരുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് അവാമി ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതത്ര എളുപ്പമല്ലെന്നും അവർ വിഡിയോ സന്ദേശത്തിൽ ഉറപ്പിച്ചു പറയുകയും ചെയ്തു.
ശൈഖ് ഹസീനക്കെതിരെ വധശിക്ഷ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഇടക്കാല സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതോടൊപ്പം വരും ദിവസങ്ങളിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ സേനയ്ക്ക് പൂർണ്ണ അധികാരം നൽകിക്കൊണ്ടാണ് ഇടക്കാല സർക്കാരിന്റെ നീക്കം.
ഹസീനക്ക് പുറമേ അവാമി ലീഗ് സർക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാൽ, പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽമഅ്മൂൻ എന്നിവരും കേസിൽ കൂട്ടുപ്രതികളാണ്. കഴിഞ്ഞ വർഷം ജൂലൈ 15നും ആഗസ്റ്റ് 15നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ചുമത്തിയതിനാൽ ഹസീനക്ക് വധശിക്ഷ കിട്ടുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

