Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാട്സ്ആപ്പിന്...

വാട്സ്ആപ്പിന് പൂട്ടിടാൻ റഷ്യ; 10 കോടി ഉപഭോക്താക്കൾ പ്രതിസന്ധിയിൽ

text_fields
bookmark_border
വാട്സ്ആപ്പിന് പൂട്ടിടാൻ റഷ്യ; 10 കോടി ഉപഭോക്താക്കൾ പ്രതിസന്ധിയിൽ
cancel

മോസ്കോ: മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും തടയാൻ റഷ്യൻ അധികൃതർ ശ്രമിക്കുന്നതായി റിപ്പോർട്ട്. സ്വന്തം രാജ്യത്ത് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കാനും ഇന്റർനെറ്റ് ഇടങ്ങളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് വാട്സ്ആപ്പ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെസ്സേജിങ് ആപ്പുകൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ ഈ നീക്കം. റഷ്യയിലെ 10 കോടിയിലധികം വരുന്ന വാട്സ്ആപ്പ് ഉപഭോക്താക്കളെ സർക്കാർ നിയന്ത്രണത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള ആപ്പുകളിലേക്ക് മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടെലിഗ്രാം ആപ്പിനും റഷ്യ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

‘10 കോടിയിലധികം ഉപഭോക്താക്കളെ സുരക്ഷിതവും സ്വകാര്യവുമായ ആശയവിനിമയ മാർഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് പിന്നോട്ടുള്ള പോക്കാണ്. ഇത് റഷ്യയിലെ ജനങ്ങളുടെ സുരക്ഷ കുറക്കാൻ മാത്രമേ സഹായിക്കൂ’ വാട്സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കളെ ബന്ധിപ്പിച്ചു നിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും കമ്പനി കൂട്ടിചേർത്തു.

പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് റഷ്യൻ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ വാട്സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ ഏകദേശം 10 കോടി ഉപഭോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ തങ്ങളുടെ ഓൺലൈൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മാക്സ് എന്ന ആപ്പിനെയാണ് റഷ്യ ഇതിന് പകരമായി മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്യാൻ ഈ ആപ്പ് അധികൃതരെ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ റഷ്യൻ സ്റ്റേറ്റ് മീഡിയ ഈ ആരോപണങ്ങൾ നിഷേധിച്ചു.

2026ഓടെ രാജ്യത്ത് വാട്സ്ആപ്പ് സ്ഥിരമായി നിരോധിക്കുമെന്ന് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാട്സ്ആപ്പിനെതിരെയുള്ള കർശന നടപടികൾ പൂർണ്ണമായും ന്യായമാണെന്ന് റഷ്യൻ ഉദ്യോഗസ്ഥനായ ആന്ദ്രേ സ്വിന്റ്‌സോവ് പറഞ്ഞു. തട്ടിപ്പ്, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ കൈമാറാൻ വിദേശ ആപ്പുകൾ വിസമ്മതിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ വർഷം തന്നെ വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെയുള്ള കോളുകൾക്ക് റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2022 മുതൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ റഷ്യയിൽ നിരോധിച്ചിരിക്കുകയാണ്. വി.പി.എൻ ഉപയോഗിച്ച് മാത്രമാണ് നിലവിൽ ഇവ അവിടെ ലഭ്യമാകുന്നത്. 10 കോടിയോളം ഉപഭോക്താക്കളുള്ള വാട്സ്ആപ്പ് കൂടി നിരോധിക്കപ്പെടുന്നതോടെ റഷ്യയിലെ സ്വകാര്യ ആശയവിനിമയ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaBancrisisWhatsApp
News Summary - Russia to block WhatsApp
Next Story