ഗ്രൂപ്പ് ചാറ്റുകളില്‍ ഇനിമുതല്‍ ടെക്‌സ്റ്റ് സ്റ്റിക്കറുകള്‍, ഇവന്റ് റിമൈൻഡറുകൾ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പവും ആകർഷകവുമാക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ അപ്ഡേറ്റുകളാണ് പുറത്തിറക്കിയത്.
പുതിയ ഗ്രൂപ്പ് ഫീച്ചറുകൾ
1. മെംബർ ടാഗുകൾ
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ക്ക് അവരുടെ ചുമതല രേഖപ്പെടുത്താനുള്ള സൗകര്യമാണ് മെമ്പര്‍ ടാഗ്. ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ടാഗുകൾ നൽകാൻ കഴിയും. നിങ്ങള്‍ ഒരു ഫുട്ബോൾ ടീമിന്‍റെ ഗ്രൂപ്പിൽ അംഗമാണെങ്കിൽ ആ ഗ്രൂപ്പിൽ നിങ്ങളുടെ പേരിന് നേര്‍ക്ക് ഗോൾകീപ്പർ എന്നോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പേരോ ചേർക്കാം. മാത്രമല്ല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓരോ കുട്ടിയുടെയും പേര് സഹിതം അധ്യാപകര്‍ക്ക് മെമ്പര്‍ ടാഗ് നല്‍കാം. വലിയ ഗ്രൂപ്പുകളിൽ ആളുകളെ തിരിച്ചറിയാൻ ഇത് സഹായകരമാണ്. പേരിന് താഴെയായിരിക്കും ഈ ടാഗ് ഉണ്ടാവുക. ഇങ്ങനെ നല്‍കുന്ന ടാഗുകള്‍ ആ നിശ്ചിത ഗ്രൂപ്പില്‍ മാത്രമേ കാണാൻ സാധിക്കൂ.
2. ടെക്സ്റ്റ് സ്റ്റിക്കറുകൾ
വാട്‌സ്ആപ്പിൽ ചാറ്റിൽ നിങ്ങളുടെ സന്ദേശം കൂടുതൽ ശ്രദ്ധേയമാക്കാൻ ഇനി ടെക്സ്റ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാം. ടൈപ്പ് ചെയ്‌ത ഏത് വാക്കും സ്റ്റിക്കറുകളാക്കി മാറ്റാന്‍ സാധിക്കും. ഇത് നേരിട്ട് അയക്കാനോ, സ്റ്റിക്കർ പാക്കിൽ സേവ് ചെയ്യാനോ കഴിയും. ഗ്രൂപ്പ് സംഭാഷണങ്ങള്‍ കൂടുതല്‍ രസകരമാൻ ഈ ഫീച്ചര്‍ സഹായിക്കും.
3. ഇവന്റ് റിമൈൻഡറുകൾ
ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്‍റ് ക്രിയേറ്റ് ചെയ്യുമ്പോള്‍ ഇനി മുതല്‍ മുന്‍കൂട്ടി കസ്റ്റമൈസ്‌ഡ് റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാൻ സാധിക്കും. ഇത് വഴി ഇവന്‍റ്/മീറ്റിങ് എന്നിവ മിസ്സാവാതെ പങ്കെടുക്കാനും അതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കഴിയും. ഈ പുതിയ അപ്ഡേറ്റുകൾക്കൊപ്പം, മുമ്പ് അവതരിപ്പിച്ച 2ജി.ബി വരെ വലിയ ഫയലുകൾ ഷെയർ ചെയ്യൽ, HD മീഡിയ, സ്ക്രീൻ ഷെയറിങ്, വോയ്സ് ചാറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഗ്രൂപ്പ് ചാറ്റ് കൂടുതൽ മെച്ചപ്പെടുത്തുന്നു. എന്നാൽ ഈ അപ്ഡേറ്റുകൾ എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ലഭ്യമാകില്ല. ഘട്ടംഘട്ടമായ അപ്ഡേറ്റുകളിലൂടെയാണ് ഇത് ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

