യുദ്ധത്തിന്റെ ഗതിമാറ്റാൻ ഇറാന് റഷ്യൻ കൈത്താങ്ങ്?; അത്യാധുനിക എയർബോൺ കമാൻഡ് വിമാനം തെഹ്‌റാനിലെത്തിയെന്ന് റിപ്പോർട്ട്
text_fieldsതെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നതിനിടെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള റഷ്യയുടെ അത്യാധുനിക എയർബോൺ കമാൻഡ് വിമാനം തെഹ്‌റാനിൽ എത്തിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റഷ്യൻ ഭരണകൂടത്തിന്റെ അതീവ സുരക്ഷാ വിമാനമായ 'ടിയു-214 പി.യു' ഇറാനിലെത്തിയതായി സ്ഥിരീകരിച്ചത്.
ക്രെംലിൻ നേതൃത്വത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഈ സ്പെഷ്യലൈസ്ഡ് വിമാനം, അടിയന്തര സാഹചര്യങ്ങളിൽ സൈനിക നടപടികൾ ഏകോപിപ്പിക്കാൻ ശേഷിയുള്ള റഷ്യയുടെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിൽ ഒന്നാണ്. സാധാരണയായി റഷ്യൻ ഉന്നത നേതൃത്വത്തിന് മാത്രം ഉപയോഗിക്കാനായി നീക്കിവെച്ചിരിക്കുന്ന ഈ വിമാനം, പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ഒരു 'പറക്കും കമാൻഡ് പോസ്റ്റ്' ആണ്.
സാധാരണ വി.ഐ.പി വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അതീവ അപകടസാധ്യതയുള്ള സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ പാകത്തിലാണ് ടിയു-214 പി.യു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായ ആശയവിനിമയ സംവിധാനങ്ങളാണ് ഈ വിമാനത്തിന്റെ പ്രത്യേകത. യുദ്ധസമാനമായ സാഹചര്യങ്ങളിലും സുരക്ഷിതമായ കമാൻഡ്-കൺട്രോൾ സംവിധാനങ്ങൾ വഴി സൈനിക നടപടികൾ ഏകോപിപ്പിക്കാൻ ഇതിന് സാധിക്കും. റഷ്യയുടെ 'ഡൂംസ്‌ഡേ’ വിമാനങ്ങൾക്ക് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ് ഇതിലുള്ളത്. റഷ്യൻ സൈനിക നേതൃത്വവും ഭരണകൂടവും നേരിട്ട് ഉപയോഗിക്കുന്ന 'റോസിയ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രൺ' ആണ് ഈ വിമാനം തെഹ്‌റാനിലെത്തിച്ചത് എന്നത്.
ഇറാനിലെ റഷ്യയുടെ ഉന്നതതല ഇടപെടൽ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. ഇറാൻ നേരിടുന്ന സൈനിക സമ്മർദങ്ങൾക്കിടയിൽ, മോസ്കോയും തെഹ്‌റാനും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും, നിർണ്ണായകമായ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ചും ഇവിടെ ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്തരമൊരു വിമാനം തെഹ്‌റാനിൽ എത്തിയത് മേഖലയിൽ അമേരിക്കക്കും സഖ്യകക്ഷികൾക്കും വലിയ മുന്നറിയിപ്പാണ് നൽകുന്നത്.
സോവിയറ്റ് നിർമിത ടിയു-204 ഇടത്തരം ദൂര യാത്രാവിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ടിയു-214 പി.യു നിർമിച്ചിരിക്കുന്നത്. സുരക്ഷിതമായ ആശയവിനിമയത്തിനും കമാൻഡ് ദൗത്യങ്ങൾക്കും ആവശ്യമായ വിപുലമായ പരിഷ്കാരങ്ങൾ ഈ വിമാനത്തിൽ വരുത്തിയിട്ടുണ്ട്. ഇതിനിടെ, വിദേശ ഏറോസ്പേസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറക്കുന്നതിന്റെ ഭാഗമായി ടിയു-214 ഉൽപ്പാദനം വർധിപ്പിക്കുമെന്ന് റഷ്യ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണം രൂക്ഷമായിരിക്കുകയാണ് ആക്രമണം ശക്തമായതോടെ ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചു. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും മിസൈൽ സൈറ്റുകൾക്കും നേരെ അമേരിക്ക തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടിയായി മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ സൈിക താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

