ചർച്ചകൾ സ്തംഭിച്ചു; ഇറാനിയൻ സംഘത്തോട് യു.എസ് വിടാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്: ആരോപണം നിഷേധിച്ച് ഇറാൻ
text_fieldsവാഷിങ്ടൺ: നയതന്ത്ര ചർച്ചകൾ സ്തംഭിച്ചതിനെ തുടർന്ന് യു.എൻ പൊതുസഭക്കായി എത്തിയ ഇറാനിയൻ പ്രതിനിധി സംഘത്തോട് അമേരിക്ക വിട്ടുപോകാൻ ഉത്തരവിട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടെയുള്ള സംഘത്തിനാണ് യു.എസ് നിർദേശം നൽകിയതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അറാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ ന്യൂയോർക്ക് വിടണമെന്ന് യു.എൻ ദൗത്യസംഘം വഴി ഇറാനിയൻ മിഷനെ അറിയിച്ചത്. യു.എൻ പൊതുസഭയുടെ സമ്മേളനങ്ങൾ അവസാനിച്ച സാഹചര്യത്തിൽ അവർ അവിടെ തുടരുന്നത് അനുചിതമാണെന്ന് യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 1.20-ഓടെ ദൗത്യസംഘം ഇറാനിലേക്ക് മടങ്ങി.
തിങ്കളാഴ്ച ഉച്ചയോടെ ഇറാനുമായി നടത്തുന്ന ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വൈറ്റ് ഹൗസ്. എന്നാൽ വൈകുന്നേരമായപ്പോഴേക്കും ചർച്ചകൾ പൂർണമായും സ്തംഭിച്ചതായി വ്യക്തമാവുകയായിരുന്നു. അതേസമയം, ഇരുവിഭാഗങ്ങളുമായി മാധ്യസ്ഥർ ചർച്ചകൾ തുടരുകയാണെന്ന് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
എന്നാൽ, റൂബിയോയുടെ ഉത്തരവിനെത്തുടർന്നല്ല തങ്ങൾ മടങ്ങിയതെന്നും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യാത്രാപദ്ധതിയായിരുന്നു ഇതെന്നും ഇറാനിയൻ മിഷൻ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി തന്നെ അറാഗ്ചി മടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്നും, ഈ വിവരം യു.എസ് സ്റ്റേറ്റ് വകുപ്പിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും, ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യു.എസ് ഭരണകൂടം ഇവരെ നേരത്തെ തന്നെ ഒഴിവാക്കുകയായിരുന്നു എന്നാണ് അമേരിക്കൻ പക്ഷത്തിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

