ഇറാൻ ജയിലിൽ കലാപം; നാലു മരണം
text_fieldsതെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ കുപ്രസിദ്ധ എവിൻ ജയിലിൽ കലാപം. വെടിവെപ്പിലും തീപിടിത്തത്തിലും നാലുപേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിദേശികൾ ഉൾപ്പെടെ രാഷ്ട്രീയ തടവുകാരെ പാർപ്പിച്ച് കുപ്രസിദ്ധി നേടിയതാണ് എവിൻ ജയിൽ. ജയിലിൽനിന്ന് തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജയിലിൽനിന്ന് വെടിയൊച്ചയും സ്ഫോടന ശബ്ദവും മുന്നറിയിപ്പ് സൈറണും കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വസ്ത്രധാരണ നിബന്ധന പാലിച്ചില്ലെന്ന് ആരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി (22) മരിച്ചതിനെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ നൂറിലധികം പേരെ എവിൻ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. സർക്കാർ വിരുദ്ധ പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ 'സ്വേച്ഛാധിപതിക്ക് മരണം' ജയിലിന് പുറത്തുനിന്ന് കേൾക്കുന്നത് സർക്കാർ വിരുദ്ധ നിരീക്ഷണ ഗ്രൂപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ജയിലിന് പുറത്ത് വൻ ജനക്കൂട്ടം സംഘടിച്ചിട്ടുണ്ട്.
സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അതിനിടെ, ജയിലിലുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉത്തരവാദിത്തം ഇറാൻ ഏൽക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അശാന്തി പടർത്താൻ യു.എസ് ശ്രമിക്കുന്നതായി ഇറാൻ
തെഹ്റാൻ: രാജ്യത്ത് അശാന്തി ആളിക്കത്തിക്കാൻ അമേരിക്കൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചതിനെയാണ് ഇറാൻ വിമർശിച്ചത്. പ്രതിഷേധക്കാരുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ബൈഡൻ പറഞ്ഞത്. ഇസ്രായേലും അമേരിക്കയുമാണ് ഇറാനിലെ പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നതെന്ന് ആത്മീയ നേതാവ് ആയത്തുല്ല അലിഖാംനഇ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

