പുടിന് മുജ്തബ ഖാംനഇയുടെ സന്ദേശം; റഷ്യൻ പിന്തുണ ഉറപ്പാക്കി ഇറാൻ നീക്കം
text_fields മുഹ്സിൻ റസായി,വ്ലാദിമിർ പുടിൻ
മോസ്കോ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ സന്ദേശവുമായി ഇറാൻ സുരക്ഷാ മേധാവി മുഹ്സിൻ റസായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും യുദ്ധാനന്തര ക്രമീകരണങ്ങളും ചർച്ചയായി. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള റഷ്യയുടെ പിന്തുണയും ചർച്ചയായി.
മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് നിർണായക ചർച്ചകൾ നടന്നതായി റസായി പറഞ്ഞു. റഷ്യയിൽനിന്ന് ഇറാനിലേക്ക് വാതക പൈപ്പ് ലൈൻ നിർമിക്കുന്നതടക്കമുള്ള ഊർജ സഹകരണ പദ്ധതികളും ചർച്ചയായി. ഇറാനിലെ വാതകക്ഷാമം പരിഹരിക്കാനും അയൽരാജ്യങ്ങളിലേക്ക് റഷ്യൻ വാതകം എത്തിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അമേരിക്കയുമായി യുദ്ധം അവസാനിപ്പിക്കുന്നതിനോ ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഉള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്ന് റസായി വ്യക്തമാക്കി. അമേരിക്ക ഇറാന്റെ ഏഴ് നിബന്ധനകൾ നടപ്പാക്കുന്നതുവരെ ചർച്ചകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ പിന്തുണ നൽകാൻ റഷ്യ തയ്യാറാണെന്ന് പുടിൻ അറിയിച്ചതായും റസായി വ്യക്തമാക്കി.
മേഖലയുടെ സുരക്ഷയിൽ വിദേശരാജ്യങ്ങൾ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, തുർക്കി, ജോർഡൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. മേഖലാ സാഹചര്യങ്ങളും സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങളുമായിരുന്നു ചർച്ച.
റഷ്യയും ഇറാനും സമീപ വർഷങ്ങളിൽ നയതന്ത്ര, സൈനിക ബന്ധങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരിയിൽ ഇരു രാജ്യങ്ങളും സമഗ്ര തന്ത്രപ്രധാന പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. അതേസമയം, യുദ്ധം അവസാനിച്ചതിന് ശേഷം റഷ്യയിൽനിന്ന് എസ്‌യു-35 യുദ്ധവിമാനങ്ങൾ ലഭിക്കുമെന്ന് ഇറാൻ സൈനിക വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

