ഇംറാൻഖാന്റെ ആരോഗ്യസ്ഥിതി: വിശദീകരണം നൽകണമെന്ന് പി.ടി.ഐ
text_fieldsഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻഖാന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങളിൽ സർക്കാർ വിശദീകരണം നൽകണമെന്ന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കണമെന്നും പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 2023 ആഗസ്റ്റ് മുതൽ അദിയാല ജയിലിൽ കഴിയുന്ന ഇംറാൻഖാനുമായി കൂടിക്കാഴ്ച നടത്താൻ സഹോദരിമാർക്ക് പലതവണ അനുമതി നിഷേധിച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.
തുടർന്ന്, അവർ ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. ഇംറാൻഖാൻ ജയിലിൽ മരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവുമുണ്ടായി. ഇംറൻഖാൻ എവിടെയാണ് എന്ന ഹാഷ്ടാഗ് വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു.
അതിനിടെ ഇംറാൻഖാൻ ജയിലിൽ മരിച്ചുവെന്ന അഭ്യൂഹങ്ങൾ അദിയാല ജയിൽ അധികൃതർ തള്ളി രംഗത്തെത്തി.
അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ബുധനാഴ്ച ജയിലിൽ നിന്ന് മാറ്റിയിട്ടില്ലെന്നും വ്യക്തമാക്കി.
പൂർണ ആരോഗ്യവാനായ ഇംറാൻ ഖാന് എല്ലാവിധ വൈദ്യസഹായങ്ങളും അനുവദിക്കുന്നുണ്ട്. ഇംറാൻ ഖാനെ കാണാനായി പ്രതിഷേധം നടത്തിയ സഹോദരിമാർക്ക് ജയിൽ അധികൃതർ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്. അനുമതി ലഭിച്ചതോടെ സഹോദരിമാർ പ്രതിഷേധസമരം അവസാനിപ്പിക്കുകയും ചെയ്തു. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇംറാനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.
2023 ആഗസ്റ്റിലാണ് മുൻ പാക് പ്രധാനമന്ത്രിയായും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ ജയിലിലടച്ചത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് ആയിരക്കണക്കിന് പി.ടി.ഐ അനുയായികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

