ഇമ്രാൻ ഖാന് എന്ത് സംഭവിച്ചു? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; സഹോദരിമാർക്ക് പൊലീസ് മർദനം
text_fieldsഇംറാൻ ഖാൻ (ഫയൽചിത്രം)
റാവൽപിണ്ടി: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാർട്ടി (പിടിഐ) നേതാവുമായ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹം പരക്കുന്നു. അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് അഡിയാല ജയിലിന് പുറത്ത് എത്തിയ സഹോദരിമാരായ നൗറീൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർക്ക് പൊലീസ് മർദനമേറ്റു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ കൊല്ലപ്പെട്ടതായി പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്.
പഞ്ചാബ് പൊലീസ് തെന്റ മുടിയിൽ പിടിച്ചു നിലത്തെറിഞ്ഞതായി ഇമ്രാന്റെ സഹോദരി 71 വയസ്സുകാരിയായ നൗറീൻ നിയാസി പറഞ്ഞു. റോഡിലൂടെ വലിച്ചിഴച്ചതായും പരിക്കേറ്റതായും അവർ പറഞ്ഞു. ‘ഇമ്രാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ട് ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. റോഡ് തടയുകയോ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യുകയോ ചെയ്തില്ല. എന്നിട്ടും മുന്നറിയിപ്പില്ലാതെ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ചു. തെരുവുവിളക്കുകൾ ഓഫാക്കി ആസൂത്രിതമായാണ് ആക്രമണം നടത്തിയത്’ -നൗറീൻ പറഞ്ഞു.
2023 ആഗസ്റ്റിലാണ് മുൻ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ജയിലിലടച്ചത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് ആയിരക്കണക്കിന് പി.ടി.ഐ അനുയായികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. ജയിലിന് പുറത്ത് ഉണ്ടായിരുന്ന സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി നൗറീൻ നിയാസി ആരോപിച്ചു.
“മൂന്ന് വർഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തി. പൊലീസിന്റെ പെരുമാറ്റം കുറ്റകരവും നിയമവിരുദ്ധവും അപലപനീയവുമാണ്. ജനാധിപത്യ സമൂഹത്തിലെ നിയമ നിർവഹണ ഏജൻസിയുടെ അടിസ്ഥാന കടമകൾക്ക് വിരുദ്ധമായിരുന്നു നീക്കം’ -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

