നെതന്യാഹുവിന്റെ മകന്റെ ഭാവിവധുവിന്റെ രഹസ്യ വിവരങ്ങളും ഇറാന് കൈമാറിയെന്ന്; ഇസ്രായേലിൽ മൂന്ന് ചാരൻമാർ അറസ്റ്റിൽ
text_fieldsബിന്യമിൻ നെതന്യാഹു (ഇടത്ത്), അവ്‌നർ നെതന്യാഹുവും പ്രതിശ്രുത വധു അമിത് യാർദേനിയും (വലത്ത്)
തെഹ്റാൻ: ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് ഇസ്രായേലികളെ പൊലീസും ഷിൻ ബെത്ത് ഏജന്റുമാരും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ ഭാവി വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പ്രതികളിൽ ഒരാൾ ശേഖരിച്ച് ഇറാന് കൈമാറിയതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇറാൻ ഇന്റലിജൻസ് ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് ഇതിനകം നിരവധി ഇസ്രായേലികളെയാണ് ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മൂവർക്കും പരസ്പരം ബന്ധമില്ലാത്തതിനാൽ പൊലീസ് ഇവർക്കെതിരെ വെവ്വേറെ കേസുകളാണ് ചുമത്തിയത്. അറസ്റ്റിലായവരിൽ ഹൈഫയിൽ താമസിക്കുന്ന ദിമിത്രി കോഹൻ (28) ആണ് നെതന്യാഹുവിന്റെ മകൻ അവ്‌നർ നെതന്യാഹുവിന്റെയും വധു അമിത് യാർഡേനിയുടെയും കുടുംബത്തെ കുറിച്ച രഹസ്യ വിവരങ്ങൾ ശേഖരിച്ച് കൈമാറിയതെന്നാണ് ആരോപണം. ഇയാളെ ഒരുമാസം മുമ്പ് പിടികൂടിയിരുന്നെങ്കിലും ഇന്നലെയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. ഇറാനിയൻ ഏജന്റുമാരിൽനിന്ന് ആയിരക്കണക്കിന് ഡോളർ ക്രിപ്‌റ്റോകറൻസിയായി ചാരൻമാർക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ദിമിത്രി കോഹനെ കൂടാതെ തെൽ അവീവ് സ്വദേശിയായ 27കാരനും ഷാരോൺ മേഖലയിൽ നിന്നുള്ള 19 വയസ്സുകാരനുമാണ് അറസ്റ്റിലായ മറ്റുള്ളവർ. സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക താവളങ്ങളുടെയും വീടുകളുടെ ഫോട്ടോകൾ ഇവർ ഇറാന് കൈമാറിയതായും ആരോപണമുണ്ട്. ആശയവിനിമയം നടത്താൻ ഉപയോഗിച്ചതായി സംശയിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേലികളെ പണം നൽകി ചാരന്മാരായി റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ ഇറാൻ ശക്തമാക്കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ സുരക്ഷാ സേന രണ്ട് ഇസ്രായേലികളെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.