'നിലവിലെ സാഹചര്യത്തിൽ ആശങ്ക' ഇറാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് മോദി
text_fieldsന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി നടത്തിയ ഫോൺ സംഭാഷണം 45 മിനിറ്റോളം നീണ്ടുനിന്നു.
സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ മോദി സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നും പറഞ്ഞു.
ഇറാന്‍ ആണവനിലയങ്ങള്‍ക്കെതിരായ യു.എസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചത്. പ്രാദേശിക സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഇന്ത്യ എപ്പോഴും സുഹൃത്തും പങ്കാളിയുമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ നിലപാടില്‍ ഇറാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞുവെന്നാണ് റിപ്പോർട്ട്. പ്രദേശിക സ്ഥിരതയും സമാധാനവും പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പിന്തുണയും പങ്കും പ്രധാനമാണെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച കാര്യം പ്രധാനമന്ത്രി എക്‌സിലൂടെയാണ് അറിയിച്ചത്.
അതേസമയം, അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങിവെച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

