Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെന്റഗണിൽ കൂട്ടരാജി തുടരുന്നു; 'ട്രംപിന്റെ ഡ്രോൺ മാൻ' ഡാൻ ഡ്രിസ്കോൾ രാജി സമർപ്പിച്ചതായി റിപ്പോർട്ട്

text_fields
bookmark_border
പെന്റഗണിൽ കൂട്ടരാജി തുടരുന്നു; ട്രംപിന്റെ ഡ്രോൺ മാൻ ഡാൻ ഡ്രിസ്കോൾ രാജി സമർപ്പിച്ചതായി റിപ്പോർട്ട്
cancel
camera_alt

ഡാൻ ഡ്രിസ്കോൾ

വാഷിങ്ടൺ: ഏകദേശം പതിനെട്ട് മാസത്തോളം സേവനമനുഷ്ഠിച്ചതിന് ശേഷം യു.എസ് ആർമി സെക്രട്ടറിയായ ഡാൻ ഡ്രിസ്കോൾ രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി മാസങ്ങളായി നിലനിന്നിരുന്ന കടുത്ത തർക്കങ്ങളെത്തുടർന്നാണ് അദ്ദേഹത്തിന്റെ ഈ പടിയിറക്കം. ഡ്രിസ്കോളിന്റെ രാജി വാർത്ത സി.ബി.എസ് ആണ് പുറത്തുവിട്ടത്.

ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആർമി സെക്രട്ടറിയായിരുന്ന ഡ്രിസ്കോൾ. ആധുനിക യുദ്ധതന്ത്രങ്ങളിലും ആളില്ലാ ഡ്രോണുകളുടെ ഉപയോഗത്തിലും ഊന്നിയ പ്രവർത്തനങ്ങളിലൂടെ ‘ട്രംപിന്റെ ഡ്രോൺ മാൻ’ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. അമേരിക്കയെ വീണ്ടും ശക്തമാക്കുക എന്ന ട്രംപിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ ഡ്രിസ്കോൾ വളരെ ഫലപ്രദമായ ഇടപെടലുകൾ നടത്തിയെന്നും, ചരിത്രപ്രധാനമായ സൈനിക നീക്കങ്ങൾക്ക് അദ്ദേഹം മികച്ച നേതൃത്വം നൽകിയെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിൽ പെന്റഗണിൽ വലിയ അഴിച്ചുപണികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ഏപ്രിലിൽ നാവികസേനാ സെക്രട്ടറി ജോൺ ഫെലാനും പെന്റഗണിൽ നിന്ന് പെട്ടെന്ന് പടിയിറങ്ങിയിരുന്നു. കൂടാതെ ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജ്ജ്, ജനറൽ ഡേവിഡ് ഹോഡ്നെ, മേജർ ജനറൽ വില്യം ഗ്രീൻ തുടങ്ങിയ പ്രമുഖരെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പുറത്താക്കിയിരുന്നു.

ഡ്രിസ്കോളും ഹെഗ്സെത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ യഥാർത്ഥ കാരണങ്ങൾ പൂർണമായും വ്യക്തമല്ലെങ്കിലും, ഹെഗ്സെത്തിന്റെ നിർദേശപ്രകാരം രാജി വെക്കേണ്ടി വന്ന ആർമി ചീഫ് റാൻഡി ജോർജ്ജുമായി ഡ്രിസ്കോളിനുണ്ടായിരുന്ന അടുത്ത സൗഹൃദം ഇതിലൊരു പ്രധാന ഘടകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എസ് ആർമിയുടെ പരമോന്നത സിവിലിയൻ പദവിയാണ് ആർമി സെക്രട്ടറിയുടേത്. സജീവ സൈനികരുടെയും നാഷണൽ ഗാർഡിന്റെയും റിസർവ് സൈനികരുടെയും ചുമതലകൾ നിർവഹിക്കുന്നത് ഇദ്ദേഹമാണ്. 2007ൽ ആർമി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡ്രിസ്കോൾ, 2009ൽ ഇറാഖിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിൽ യു.എസ് സംഘത്തോടൊപ്പം മുൻനിരയിൽ പ്രവർത്തിക്കാൻ ഡ്രിസ്കോളിന് സാധിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി സ്കൂളിൽ ഒപ്പം പഠിച്ച ഇദ്ദേഹം, വാൻസിന്റെ അടുത്ത സുഹൃത്തു കൂടിയാണ്. യു.എസ് നഗരങ്ങളിൽ നാഷണൽ ഗാർഡിനെ വിന്യക്ഷിക്കുന്നതിലും ഡ്രിസ്കോൾ നിർണായക പങ്ക് വഹിച്ചിരുന്നു. പെന്റഗണിലെ ഈ പുതിയ രാഷ്ട്രീയ മാറ്റങ്ങൾ അമേരിക്കൻ പ്രതിരോധ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US army secretary resigns after months of tension
Next Story