ഗസ്സയുടെ ജീവിതവും മരണവും വരച്ചിട്ട ഫലസ്തീൻ കവി മൊസാബ് അബു ത്വാഹക്ക് പുലിറ്റ്സർ പുരസ്കാരം
text_fieldsവാഷിംങ്ടൺ: അമേരിക്കയിലെ ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ ലക്ഷ്യം വെച്ച ഫലസ്തീൻ കവി മൊസാബ് അബു ത്വാഹക്ക് പുലിറ്റ്സർ പുരസ്കാരം. യുദ്ധത്തിനിടയിലെ കൂട്ടക്കൊലയെക്കുറിച്ച് ‘ന്യൂയോർക്കർ’ എഴുതിയ ലേഖനങ്ങൾക്കാണ് കവിക്ക് അഭിമാനകരമായ പുരസ്കാരം ലഭിച്ചത്.
ഗസ്സയിലെ കൂട്ടക്കൊലയെക്കുറിച്ചുള്ള ആഴത്തിലും വൈകാരികവുമായ റിപ്പോർട്ടിങ്ങും ഫലസ്തീൻ അനുഭവം അറിയിക്കുന്നതിനുള്ള ഓർമക്കുറിപ്പുകളുടെ അടുപ്പവും സംയോജിപ്പിക്കുന്നതാണ് ലേഖനങ്ങൾ.
തനിക്ക് പുരസ്കാരം ലഭിച്ചതിനു പിന്നാലെ ‘വ്യാഖ്യാനത്തിനുള്ള പുലിറ്റ്‌സർ സമ്മാനം നേടി. ഇത് പ്രത്യാശ നൽകട്ടെ. അത് ഒരു കഥയാകട്ടെ’ -അബു ത്വാഹ സമൂഹ മാധ്യമത്തിൽ എഴുതി.
‘കഴിഞ്ഞ വർഷം എന്റെ ഓർമകളുടെ പല മൂർത്തമായ ഭാഗങ്ങളും എനിക്ക് നഷ്ടപ്പെട്ടു. നല്ല ഓർമകൾ സൃഷ്ടിക്കാൻ ഞാൻ പാടുപെട്ടു. ഗസ്സയിൽ തകർന്ന ഓരോ വീടും ഒരുതരം ആൽബമായി മാറുന്നു. അതിൽ ഫോട്ടോകളല്ല, മറിച്ച് ജീവിച്ചിരിക്കുന്നവരും മരിച്ചവരും അതിന്റെ പേജുകൾക്കിടയിൽ അമർത്തിവെക്കപ്പെട്ടിരിക്കുന്നു’- അബു ത്വാഹ ന്യൂയോർക്കർ ലേഖനത്തിൽ എഴുതി.
ഗസ്സയിലെ കൂട്ടക്കൊലയും ജനങ്ങളുടെ ദുരിതവും അദ്ദേഹത്തിന്റെ ലേഖനങ്ങൾ വെളിവാക്കുന്നുവെന്നും ഒന്നര വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ ഭീകരത ലേഖനങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നും പുലിറ്റ്‌സർ ബോർഡ് പറഞ്ഞു. ഗസ്സയിൽ ഭക്ഷണം കണ്ടെത്തുന്നതിനായി തന്റെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന പോരാട്ടത്തെക്കുറിച്ചും വടക്കൻ ഗസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിന്റെ തകർച്ചയുടെ ചിത്രങ്ങളും അബു ത്വാഹ എഴുതി.
വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലുള്ള തന്റെ വീട്ടിൽ നിന്ന് ഭാര്യ മറിയമിനും മൂന്ന് കുട്ടികൾക്കുമൊപ്പം പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 32 കാരനായ അബു ത്വാഹയെ 2023ൽ ഒരു ചെക്ക് പോയിന്റിൽ വച്ച് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു.
ഇസ്രായേലി തടങ്കലിൽ, പട്ടാളക്കാർ തന്നെ മർദിക്കുകയും കുടുംബത്തിൽ നിന്ന് വേർപെടുത്തിയെന്നും അദ്ദേഹം എഴുതി. വിദേശത്തുള്ള സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മോചനത്തിനായി സമർദ്ദം ചെലുത്തിയതിന് പിന്നാലെ അദ്ദേഹത്തിന് അമേരിക്കയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.
അടുത്തിടെ ഇസ്രായേലിനെ വിമർശിക്കുന്ന പൗരന്മാരല്ലാത്തവരെ അടിച്ചമർത്താൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പ്രചാരണത്തിനിടയിൽ യു.എസിലെ വലതുപക്ഷ ഗ്രൂപ്പുകൾ അബു ത്വാഹയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ചൂണ്ടിക്കാട്ടി ത്വാഹ സർവകലാശാലകളിലെ പരിപാടികൾ റദ്ദാക്കി.
ഗസ്സയിലേക്ക് മടങ്ങാനും മാതാപിതാക്കൾക്കൊപ്പം അടുക്കള മേശയിലിരിക്കാനും എന്റെ സഹോദരിമാർക്ക് ചായ ഉണ്ടാക്കി നൽകാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഭക്ഷണം കഴിക്കേണ്ട. അവരെ വീണ്ടും പഴയപോലെ കാണണം എന്ന ആഗ്രഹം മാത്രമേ ഉള്ളു - അദ്ദേഹം എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

