ലോകത്ത് എട്ടിലൊരാൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
text_fieldsജനീവ: ആഗോളതലത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരുടെ എണ്ണം അഭൂതപൂർവമായ രീതിയിൽ ഉയരുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) ഞെട്ടിക്കുന്ന റിപ്പോർട്ട്. ഈ മാസം 18 മുതൽ 23 വരെ ജനീവയിൽ നടക്കുന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയുടെ പ്രധാന അജണ്ടയിൽ ഒന്നാണ് ഇത്. നിലവിൽ ലോകത്തിലെ എട്ടിൽ ഒരാൾ വീതം, അതായത് നൂറ് കോടിയിലധികം ജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഈ പ്രതിസന്ധി രൂക്ഷമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുവതലമുറയെയാണ് ഈ ആഗോള പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത്. ഇതിൽ തന്നെ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ നിരക്ക് കുത്തനെ ഉയരുമ്പോൾ, സ്ത്രീകൾക്കിടയിൽ കടുത്ത വിഷാദരോഗവും അമിത ഉത്കണ്ഠയും പടരുകയാണ്. എന്നാൽ, ഈ വലിയ വിപത്തിനെ നേരിടാൻ ആഗോളതലത്തിൽ നടക്കുന്ന ഫണ്ട് വിനിയോഗം അത്യന്തം നിരാശാജനകമാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ ആകെ ആരോഗ്യ ബജറ്റിന്റെ വെറും രണ്ട് ശതമാനം മാത്രമാണ് മാനസികാരോഗ്യ മേഖലയ്ക്കായി നീക്കിവെക്കുന്നത്. ഇത് ദരിദ്ര-മധ്യവർഗ രാജ്യങ്ങളിലേക്ക് വരുമ്പോൾ ചികിത്സാ സൗകര്യങ്ങൾ തീർത്തും ഇല്ലാതാകുന്ന അവസ്ഥയാണ്.
മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും സാരമായി ബാധിക്കുന്ന അവസ്ഥകളെയാണ് മാനസികാരോഗ്യ വൈകല്യങ്ങളായി ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങളും തരംതിരിച്ചിരിക്കുന്നത്. ദീർഘകാല സങ്കടത്തിലേക്കും മാനസികാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങളിലേക്കും നയിക്കുന്ന വിഷാദം (Depression), ബൈപോളാർ ഡിസോർഡർ എന്നിവയടങ്ങുന്ന മൂഡ് ഡിസോർഡേഴ്സ് ഇതിൽ പ്രധാനമാണ്. കടുത്ത ഭയവും ആശങ്കയും വിട്ടുമാറാത്ത ജനറലൈസ്ഡ് ആൻക്സൈറ്റി ഡിസോർഡർ, പാനിക് ഡിസോർഡർ, ഫോബിയകൾ എന്നിവയും വലിയൊരു വിഭാഗത്തെ തളർത്തുന്നു. ഇതിനുപുറമേ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ചിന്തകളും ഭ്രമങ്ങളും ഉണ്ടാക്കുന്ന സ്കീസോഫ്രീനിയ പോലുള്ള സൈക്കോട്ടിക് രോഗങ്ങളും, ജീവിതത്തിലുണ്ടാകുന്ന കടുത്ത മാനസികാഘാതങ്ങളിൽ നിന്ന് ഉടലെടുക്കുന്ന പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും (PTSD) സമൂഹത്തിൽ വർധിച്ചുവരികയാണ്. ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും ഈറ്റിങ് ഡിസോർഡറുകളും ഈ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു.
ആഗോളതലത്തിൽ രോഗബാധയുടെ തോത് പരിശോധിക്കുമ്പോൾ അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ (15.6 ശതമാനം) മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. തൊട്ടുപിന്നാലെ ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയിൽ 14.7 ശതമാനവും, യൂറോപ്പിൽ 14.2 ശതമാനവും, തെക്കുകിഴക്കൻ ഏഷ്യയിൽ 13.2 ശതമാനവും ആളുകൾ രോഗബാധിതരാണ്. വെസ്റ്റേൺ പസഫിക് മേഖലയിൽ 11.7 ശതമാനവും ആഫ്രിക്കയിൽ 10.9 ശതമാനവുമാണ് നിരക്കുകൾ. രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമ്പോഴും ചികിത്സയ്ക്കായി ചെലവഴിക്കുന്ന തുകയിൽ വലിയ അസമത്വമുണ്ട്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ പ്രതിവർഷം ഒരാൾക്ക് വെറും 0.04 ഡോളർ മാത്രമാണ് മാനസികാരോഗ്യത്തിനായി മാറ്റിവെക്കുന്നത്. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 65.89 ഡോളറോളമാണ്.
ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ലോകത്ത് പ്രതിവർഷം 7,40,000 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത് ശരാശരി ഓരോ 43 സെക്കൻഡിലും ഒരു മനുഷ്യൻ ആത്മഹത്യയിലൂടെ ജീവനൊടുക്കുന്നു. 15 മുതൽ 29 വയസ്സുവരെയുള്ള യുവാക്കളുടെ മരണകാരണങ്ങളിൽ മൂന്നാമത്തെ വലിയ വില്ലൻ ആത്മഹത്യയാണ്. ഈ പ്രായ പരിധിയിലുള്ള യുവതികളുടെ മരണത്തിൽ ഇത് രണ്ടാം സ്ഥാനത്താണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആത്മഹത്യാ നിരക്ക് കൂടുതൽ. 2021ലെ കണക്കുകൾ പ്രകാരം പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക് സ്ത്രീകളേക്കാൾ നാലിരട്ടിയായിരുന്നു. യുദ്ധവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന അഭയാർത്ഥികൾ, ഗോത്രവിഭാഗങ്ങൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് (LGBTQ+) സമൂഹം തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ടതും വിവേചനം നേരിടുന്നതുമായ ജനവിഭാഗങ്ങളിൽ ആത്മഹത്യാ നിരക്ക് വളരെ ഉയർന്നതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മാനസികാരോഗ്യ പ്രശ്നം അമിത ഉത്കണ്ഠയാണ് (Anxiety). ഏതാണ്ട് 35.9 കോടി ജനങ്ങൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു. കൗമാരക്കാരെയും സ്ത്രീകളെയും ഇത് കടുത്ത രീതിയിൽ ബാധിക്കുന്നുണ്ടെങ്കിലും രോഗബാധിതരായ നാലിൽ ഒരാൾക്ക് മാത്രമാണ് നിലവിൽ കൃത്യമായ ചികിത്സ ലഭിക്കുന്നത്. ആഗോളതലത്തിൽ ഉത്കണ്ഠാ രോഗ നിരക്കിൽ പോർച്ചുഗലാണ് ഒന്നാമത് (13.3 ശതമാനം). ബ്രസീൽ, ഇറാൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. മറ്റൊരു പ്രധാന വില്ലനായ വിഷാദരോഗം ലോകജനസംഖ്യയുടെ അഞ്ച് ശതമാനത്തെ (33.2 കോടി ജനങ്ങൾ) ബാധിച്ചിരിക്കുന്നു. മനുഷ്യരെ പ്രവർത്തനരഹിതരാക്കുന്നതിൽ ലോകത്ത് ഏറ്റവും മുന്നിലുള്ളത് വിഷാദരോഗമാണ്. ഗാർഹിക അതിക്രമങ്ങൾ, കടുത്ത മാനസികാഘാതങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ കാരണം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് വിഷാദരോഗം ഉണ്ടാകുന്നത്. പ്രസവാനന്തരം പത്തിലൊന്ന് സ്ത്രീകൾക്ക് കടുത്ത വിഷാദരോഗം ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു. സ്ത്രീകൾ മാനസിക വിഷമങ്ങൾ ഉള്ളിലേക്ക് ഒതുക്കി വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും പോകുമ്പോൾ, പുരുഷന്മാർ ഇത് ലഹരി ഉപയോഗത്തിലൂടെയും അക്രമാസക്തമായ പെരുമാറ്റത്തിലൂടെയും പുറത്തേക്ക് പ്രകടിപ്പിക്കുന്നതായാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ ആഭ്യന്തര യുദ്ധം തകർത്ത സിറിയയിലാണ് വിഷാദരോഗ നിരക്ക് ഏറ്റവും കൂടുതലുള്ളത് (8 ശതമാനം). യുണൈറ്റഡ് കിംഗ്ഡം, നെതർലൻഡ്സ് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ വിഷാദരോഗം ആത്മഹത്യയിലേക്ക് നയിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

