എവറസ്റ്റിലെ മഞ്ഞുവീഴ്ചയിൽ ഒരു മരണം; ആയിരത്തിലധികം ആളുകൾ കുടുങ്ങി കിടക്കുന്നു
text_fieldsബെയ്ജിങ്: എവറസ്റ്റിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിച്ചു. ചൈനയുടെ വടക്കുപടിഞ്ഞാറൻ ക്വിൻഹായ് പ്രവിശ്യയിൽ ഹൈപ്പോഥെർമിയയും അക്യൂട്ട് ആൾട്ടിറ്റ്യൂഡ് സിക്നെസും ബാധിച്ച് 41 വയസ്സുള്ള ഹൈക്കറാണ് മരിച്ചത്. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. നിരവധി പേരെ കാണാതായെന്നും140 പേരെ രക്ഷപ്പെടുത്തിയതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഭാഗത്തുള്ള കർമ താഴ്വരയിൽ ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് പറയുന്നു. എവറസ്റ്റ് കൊടുമുടി കയറുന്ന ബേസ് കാമ്പിൽ നിന്നുള്ളവരല്ല, മറിച്ച് ടൂറിസ്റ്റ് കാമ്പുകളിലും ട്രെക്കിങ്ങിനായും എത്തിയവരാണ് പ്രധാനമായും അപകടത്തിൽപ്പെട്ടത്.
സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്. പ്രതീക്ഷിക്കാതെ ഉണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും മൂലം ടെന്റുകൾ തകരുകയും പലർക്കും ഹൈപ്പോഥെർമിയ ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. എവറസ്റ്റ് കൊടുമുടിക്ക് സമീപം ഉണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ പർവ്വതാരോഹകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും 350 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ട കാമ്പുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. എവറസ്റ്റിന്റെ താഴ്ന്ന ചരിവുകളിലെ ടൂറിസ്റ്റ് കാമ്പ് സൈറ്റുകളിലും സമീപ പ്രദേശങ്ങളിലുമായി നൂറുകണക്കിന് ഹൈക്കർമാർ കുടുങ്ങിയിട്ടുണ്ട്.
‘ഞാൻ ഏകദേശം 20 തവണ ഹിമാലയത്തിൽ വന്നിട്ടുണ്ട്. പക്ഷേ ഇതുപോലൊരു കാലാവസ്ഥ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടവർ പറയുന്നു. കാഠ്മണ്ഡുവിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണെന്നും അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് ഹെലികോപ്റ്റർ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഒക്ടോബർ മാസത്തിലാണ് എവറസ്റ്റ് കയറാൻ കൂടുതൽ ആളുകൾ എത്തുന്നത്. ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബർ ഒന്ന് മുതൽ ചൈനയിൽ എട്ട് ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്. പർവ്വതാരോഹകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്. ശരാശരി 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

