Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ-ഗൾഫ് നിർണായക ചർച്ച മാറ്റിവെച്ചു; ഹുർമുസിൽ അനിശ്ചിതത്വം

text_fields
bookmark_border
ഇറാൻ-ഗൾഫ് നിർണായക ചർച്ച മാറ്റിവെച്ചു; ഹുർമുസിൽ അനിശ്ചിതത്വം
cancel

തെഹ്റാൻ: ഹുർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാതയെക്കുറിച്ച് ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ നടത്താനിരുന്ന നിർണായക ഉച്ചകോടി താൽക്കാലികമായി മാറ്റിവെച്ചു. ഒമാനിലെ സലാലയിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പ്രാദേശിക യോഗം ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഒമാന്റെയും തെഹ്‌റാന്റെയും സംയുക്തമായ തീരുമാനപ്രകാരമാണ് ചർച്ചകൾ മാറ്റിവെക്കാൻ തയാറായത്.

എല്ലാവരുടെയും അഭിപ്രായ ഐക്യവും സമവായവും മുൻനിർത്തിയാണ് സലാലയിൽ നടക്കാനിരുന്ന യോഗം താൽക്കാലികമായി നീട്ടിവെച്ചതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി എക്സിൽ കുറിച്ചു. മേഖലയിൽ സ്ഥിരതയും ശാശ്വത സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യോഗം പിന്നീട് എപ്പോഴാണ് നടക്കുകയെന്നോ പുതിയ തീയതിയോ മാറ്റിവെക്കാനുള്ള യഥാർഥ കാരണങ്ങളെക്കുറിച്ചോ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് ഒമാന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുവരെ ആ രാജ്യവുമായുള്ള കൂട്ടായ്മകളിലോ മന്ത്രിതല യോഗങ്ങളിലോ മനാമ പങ്കെടുക്കില്ലെന്ന് ശനിയാഴ്ച ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒമാന്റെ ആതിഥേയത്വത്തിൽ വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ യോഗം സംഘടിപ്പിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ സ്ഥിരീകരിച്ചിരുന്നു. യോഗത്തിന്റെ പ്രധാന അജണ്ട ഹുർമുസ് കടലിടുക്കിലെ പുതിയ സമുദ്രപാതയെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിരുന്നു.

പുതിയ പാത സംബന്ധിച്ച മാപ്പുകളും സംയുക്ത പ്രസ്താവനയും അടങ്ങിയ കരാറിന് ഇറാനും ഒമാനും അന്തിമ രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ഒമാനുമായുള്ള ഈ കരാർ ഒരു കാരണവശാലും ഹുർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കുന്നതിനെ അർഥമാക്കുന്നില്ലെന്നും അരാഗ്ചി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman says Hormuz talks with Iran, Gulf states postponed
Next Story