ആണവശക്തികളുടെ അപൂർവ്വ സംഗമം: ട്രംപ്-ഷി-പുടിൻ ത്രികക്ഷി കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
text_fieldsഡോണൾഡ് ട്രംപ്, ഷി ജിൻപിങ്, വ്ലാദിമിർ പുടിൻ
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ അണുശക്തി രാജ്യങ്ങളുടെ തലവന്മാർ അപൂർവ്വമായൊരു കൂടിക്കാഴ്ചക്ക് തയാറെടുക്കുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരാണ് അടുത്ത ആഴ്ച ചൈനയിലെ ടെക് ഹബ്ബായ ഷെൻഡെൻ നഗരത്തിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ വേദിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നത്. ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്ന ഈ മൂന്നുപക്ഷ ഉച്ചകോടി വൈറ്റ്‌ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചരിത്രപ്രധാനമായ ഈ സംഗമം വലിയൊരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കാര്യമായ നയതന്ത്ര മുന്നേറ്റങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സുപ്രധാനമായ നയപരമായ തീരുമാനങ്ങളെക്കാൾ പ്രതീകാത്മകതക്കായിരിക്കും ഈ കൂടിക്കാഴ്ചയിൽ മുൻഗണന ലഭിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് രാജ്യങ്ങൾക്കുമിടയിലെ നിലവിലെ സങ്കീർണ്ണമായ നയതന്ത്ര സമവാക്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ചൈനയുമായുള്ള ചെറിയൊരു വ്യാപാര യുദ്ധത്തിന് കഴിഞ്ഞ വർഷം വിരാമമിട്ടതിന് ശേഷം, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സൗഹൃദപരമായ സമീപനമാണ് പുലർത്തിവരുന്നത്. അമേരിക്കയുടെ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഭിന്നതകളും ലോകത്തെ പ്രധാന സാമ്പത്തിക ശക്തികൾക്കിടയിലെ മറ്റ് സംഘർഷങ്ങളും നിലനിൽക്കെയാണ് ഈ അടുപ്പം.
അതുപോലെ തന്നെ, റഷ്യൻ നയതന്ത്ര ബന്ധങ്ങളിലും ട്രംപ് പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. യുക്രെയ്നുമായി റഷ്യ നടത്തിവരുന്ന അഞ്ച് വർഷത്തോളം നീണ്ട യുദ്ധം തുടരുമ്പോഴും, റഷ്യയും ഇറാനും തമ്മിലുള്ള സൈനിക-രഹസ്യാന്വേഷണ-നയതന്ത്ര പങ്കാളിത്തം ശക്തമാകുമ്പോഴും വ്ലാദിമിർ പുടിനുമായുള്ള ബന്ധം ദൃഢമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ഇറാനുമായുള്ള യു.എസ് യുദ്ധവും, മൂന്ന് രാജ്യങ്ങളുടെയും ആണവായുധ ശേഖരവുമായി ബന്ധപ്പെട്ട് ഒരു പൊതു ധാരണയിലെത്താനുള്ള ലക്ഷ്യവുമാണ് ഈ കൂടിക്കാഴ്ചയിലൂടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയിൽ ഷി ജിൻപിങ്ങിനും വ്‌ലാഡിമിർ പുടിനുമൊപ്പം ഇറാൻ യുദ്ധത്തെക്കുറിച്ച് ട്രംപ് ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാൽ, യുക്രെയ്ൻ വിഷയം ഈ മൂന്നുപക്ഷ ചർച്ചയിൽ ഉൾപ്പെടുത്താൻ യു.എസ് പദ്ധതിയിടുന്നില്ലെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു.

