Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തായ്‌വാൻ സ്വാതന്ത്ര്യത്തിന് ഇടമില്ല; ചൈനയുടെ പുനരേകീകരണ നിലപാട് ആവർത്തിച്ച് ഷി ജിൻപിങ്

text_fields
bookmark_border
news
cancel

ബീജിങ്: തായ്‌വാനെ മാതൃരാജ്യത്തോട് പൂർണമായി പുനരേകീകരിക്കണമെന്ന നിലപാട് ആവർത്തിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചരിത്രത്തിന്റെ ഒഴുക്ക് തടയാനാവില്ലെന്നും മാതൃരാജ്യത്തിന്റെ സമ്പൂർണ പുനരേകീകരണം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പുനരേകീകരണത്തിനാണ് ചൈന മുൻഗണന നൽകുന്നതെന്നും ഇതിനായി തായ്‌വാനുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സൈനിക ശക്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചില്ല.

ചൈനീസ് വിപ്ലവ നായകൻ സൺ യത്-സെന്നിന്റെ 160-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷി ജിൻപിങ്. തായ്‌വാൻ പ്രശ്നത്തിന് പരിഹാരം കാണുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാറ്റമില്ലാത്ത ചരിത്രപരമായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ചരിത്രത്തിന്റെ ഒഴുക്ക് തടയാനാവില്ല. മാതൃരാജ്യത്തിന്റെ സമ്പൂർണ പുനരേകീകരണം നടപ്പിലാക്കപ്പെടണം, അത് തീർച്ചയായും യാഥാർഥ്യമാവുകയും ചെയ്യും' - ഷി ജിൻപിങ് പറഞ്ഞു.

ജനാധിപത്യ ഭരണസംവിധാനമുള്ള തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. എന്നാൽ ചൈനയുടെ ഈ അവകാശവാദം തായ്‌വാൻ ശക്തമായി തള്ളിക്കളയുന്നു. 'ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' എന്ന മാതൃകയിലൂടെ തായ്‌വാന് സ്വയംഭരണാധികാരം നൽകാമെന്ന നിർദേശവും ബിജിങ് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ തായ്‌വാനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും ഈ നിർദേശത്തെ പിന്തുണക്കുന്നില്ല.

'സമാധാനപരമായ പുനരേകീകരണവും ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ എന്ന നയവുമാണ് ചൈന പിന്തുടരുന്നത്. ഒരു ചൈന എന്ന തത്വം അംഗീകരിച്ചുകൊണ്ട് തായ്‌വാനുമായി ചർച്ചകൾ നടത്താൻ തയ്യാറാണ്' എന്നും ഷി വ്യക്തമാക്കി. തായ്‌വാൻ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന വിഘടനവാദ ശക്തികളെ എതിർക്കാൻ തായ്‌വാനിലുള്ളവർ ഉൾപ്പെടെ എല്ലാ ചൈനക്കാരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തായ്‌വാനെ സംബന്ധിച്ച നിലപാടിൽ സൈനിക ശക്തി പ്രയോഗിക്കാനുള്ള സാധ്യത ചൈന പൂർണമായി തള്ളിയിട്ടില്ല. തായ്‌വാന് ചുറ്റുമുള്ള മേഖലകളിൽ ചൈനീസ് സൈന്യം ദിവസേന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പസഫിക് സമുദ്ര മേഖലയിലേക്കും സൈനിക സാന്നിധ്യം വ്യാപിപ്പിച്ചുവരികയാണ്.

അടുത്തയാഴ്ച ചൈനയിലെ തെക്കൻ സാങ്കേതിക നഗരമായ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്ക് മുന്നോടിയായാണ് ഷിയുടെ പ്രസ്താവന. ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചയിലേറെ സമയത്തിനുശേഷം തായ്‌വാനിൽ നിർണായക പ്രാദേശിക തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കുകയാണ്.

സൺ യത്-സെന്നിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട ചൈനയുടെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് കഴിഞ്ഞ മാസം തായ്‌വാൻ സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. സൺ യത്-സെന്നിനെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും ചൈന വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു തായ്‌വാന്റെ ആരോപണം.

1911-ലെ വിപ്ലവത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു സൺ യത്-സെൻ. നൂറ്റാണ്ടുകളായി ചൈന ഭരിച്ചിരുന്ന രാജവംശ ഭരണത്തിന് അന്ത്യം കുറിക്കാനും റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കാനും ഈ വിപ്ലവം വഴിയൊരുക്കി. 1949-ൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൽ പരാജയപ്പെട്ട റിപ്പബ്ലിക് ഓഫ് ചൈന സർക്കാർ തായ്‌വാനിലേക്ക് മാറുകയായിരുന്നു. ഇന്നും അവിടെയാണ് ആ സർക്കാർ നിലനിൽക്കുന്നത്.

സൺ യത്-സെന്നിനെ ചൈനയുടെ മഹാനായ ദേശീയ നായകനും ദേശസ്നേഹിയുമായാണ് ഷി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും ദേശീയ ഐക്യദാർഢ്യത്തിനും അദ്ദേഹം എന്നും പ്രാധാന്യം നൽകിയിരുന്നുവെന്നും രാജ്യത്തെ വിഭജിക്കുന്ന നീക്കങ്ങളെ ശക്തമായി എതിർത്തിരുന്നുവെന്നും ഷി പറഞ്ഞു.

തായ്‌വാനിലും സൺ യത്-സെൻ 'രാഷ്ട്രപിതാവ്' എന്ന നിലയിലാണ് ഔദ്യോഗികമായി പരിഗണിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ചിത്രം പ്രസിഡന്റിന്റെ ഓഫീസിലുമുണ്ട്. അതേസമയം, സൺ യത്-സെന്നിന്റെ രാഷ്ട്രീയ ദർശനമായ 'ജനതയുടെ മൂന്ന് തത്വങ്ങൾ' (Three Principles of the People) ഇപ്പോൾ സ്കൂൾ വിദ്യാർഥികൾക്ക് നിർബന്ധിത പാഠ്യവിഷയമല്ല.

തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെയും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും ചൈനയിൽനിന്നുള്ള തായ്‌വാന്റെ വേറിട്ട സ്വത്വത്തിന് പ്രാധാന്യം നൽകുന്നവരാണ്. തായ്‌വാന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നാണ് ലായിയുടെ നിലപാട്. അതേസമയം, ലായിയെ വിഘടനവാദിയായാണ് ചൈന വിശേഷിപ്പിക്കുന്നത്. അദ്ദേഹവുമായി ചർച്ച നടത്താനും ബിജിങ് തയ്യാറായിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ടും ചൈനയും തായ്‌വാനും തമ്മിൽ തർക്കമുണ്ട്. സഖ്യകക്ഷികൾക്കൊപ്പം യുദ്ധം ചെയ്തത് റിപ്പബ്ലിക് ഓഫ് ചൈന സർക്കാരാണെന്നും അന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിലുണ്ടായിരുന്നില്ലെന്നും തായ്‌വാൻ ചൂണ്ടിക്കാട്ടുന്നു. യുദ്ധവിജയത്തിന്റെ ക്രെഡിറ്റ് ചൈന ഏറ്റെടുക്കുന്നതിനെ തായ്‌വാൻ ശക്തമായി എതിർക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No room for Taiwan's independence; Xi Jinping reiterates China's reunification stance
Next Story