‘ജിഹാദിയെ തടയണം’ എന്ന് ട്രംപിന്‍റെ പരാമർശം; മരുമകന് പണം നൽകുന്ന സൗദിയോടോ സ്വകാര്യ ജെറ്റ് സമ്മാനിച്ച ഖത്തറിനോടോ ട്രംപിന് എതിർപ്പില്ലെന്ന് തിരിച്ചടിച്ച് സെനറ്റ് സ്ഥാനാർഥി അബ്ദുൽ അൽ സഈദ്
text_fieldsവാഷിങ്ടൺ: യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഡോക്ടറുമായ അബ്ദുൽ എൽ-സയ്യിദിനെതിരെ രൂക്ഷമായ വർഗീയ-തീവ്രവാദ പരാമർശങ്ങളുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മിഷിഗണിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേയാണ് സയ്യിദിനെ 9/11 ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരോട് ട്രംപ് ഉപമിച്ചത്."ഒരു ജിഹാദിയും മുസ്‍ലിം ബ്രദർഹുഡ് അംഗവുമായ വ്യക്തി യു.എസ് സെനറ്ററാകുന്നത് തടയാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്" എന്ന് ട്രംപ് തന്‍റെ അനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഡെമോക്രാറ്റുകൾ വിജയിച്ചാൽ അമേരിക്കൻ വിരുദ്ധ ഭീകരർക്ക് ഭരണകൂടത്തിലേക്ക് വഴിതുറക്കുമെന്നും അദ്ദേഹം ആരോപിച്ചു. 9/11 ഭീകരാക്രമണത്തിനിടെ യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ ഭീകരരെ ചെറുത്തുതോൽപ്പിച്ച മിഷിഗൺ സ്വദേശി ടോഡ് ബീമറുടെ സാഹസികതയെ അനുസ്മരിച്ച ട്രംപ്, "25 വർഷങ്ങൾക്കിപ്പുറം മിഷിഗൺ ജനത ഒരു ജിഹാദി കാപിറ്റോളിലേക്ക് കടക്കുന്നത് തടയാൻ ടോഡിനെപ്പോലെ വീണ്ടും പോരാടണം" എന്നും ആഹ്വാനം ചെയ്തു.
സയ്യിദ് വിജയിച്ചാൽ സെനറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തേണ്ടി വരുന്ന ഏക സെനറ്ററായിരിക്കും അദ്ദേഹമെന്നും ട്രംപ് പരിഹസിച്ചു. എന്നാൽ ട്രംപിന്റെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് അബ്ദുൽ എൽ-സയ്യിദ് മറുപടി നൽകിയത്. തന്‍റെ പേരിനോടും മതത്തോടും ട്രംപിനുള്ള വ്യക്തിവിരോധം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
"തന്‍റെ മരുമകന്റെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിലേക്ക് പണം ഒഴുക്കുന്ന സൗദി അറേബ്യൻ സുഹൃത്തുക്കളുടെയോ, 400 ദശലക്ഷം ഡോളറിന്റെ സ്വകാര്യ ജെറ്റ് നൽകുന്ന ഖത്തറിന്റെയോ പേര് കേൾക്കുമ്പോൾ ട്രംപിന് ഒരു കുഴപ്പവുമില്ല. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്," സയ്യിദ് തിരിച്ചടിച്ചു. മത്സരരംഗത്തുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സ്, എൽ-സയ്യിദിനെ ഭീകരനായി ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിന്നു. സയ്യിദ് ഭീകരവാദിയാണെന്ന വാദത്തോട് യോജിക്കുന്നില്ലെന്ന് എൻ.ബി.സി അഭിമുഖത്തിൽ റോജേഴ്‌സ് വ്യക്തമാക്കിയെങ്കിലും സയ്യിദിന് മുസ്‍ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം സയ്യിദ് നിഷേധിച്ചിട്ടുണ്ട്. ശനിയാഴ്ച ഡെട്രോയിറ്റിൽ നടന്ന റാലിയിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ സയ്യിദിന് പിന്തുണയുമായി രംഗത്തെത്തി. എൽ-സയ്യിദിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന എതിരാളികളുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്ന് ഒബാമ പറഞ്ഞു. താൻ കെനിയയിൽ ജനിച്ചതാണെന്ന തരത്തിൽ നേരത്തെ ഉയർന്ന വ്യാജ പ്രചാരണങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഒബാമ എൽ-സയ്യിദിന് പ്രതിരോധമൊരുക്കിയത്.
നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മിഷിഗണിലെ സെനറ്റ് പോരാട്ടം ഇരുപാർട്ടികൾക്കും നിർണായകമാണ്. വിജയിക്കുകയാണെങ്കിൽ യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‍ലിം ജനപ്രതിനിധിയാകും അബ്ദുൽ എൽ-സയ്യിദ്.

