ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഒമാൻ പണം പിരിക്കില്ല
text_fieldsമസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഒമാൻ പണം പിരിക്കില്ലെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എഞ്ചിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി വ്യക്തമാക്കി. മസ്കത്തിൽ ഒമാൻ ശൂറാ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള അന്താരാഷ്ട്ര സമുദ്ര കരാറുകൾ പ്രകാരം ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ചാർജ് ഈടാക്കാൻ ഒമാന് കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യാന്തര ഷിപ്പിങ് കരാറുകൾ ഒമാൻ കൃത്യമായി പാലിക്കുന്നുണ്ടെന്നും അതിനാൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാൻ ഈ കരാറുകളിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഇറാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പല കരാറുകളിലും ഭാഗമല്ലാത്തത് ഒരു 'നിയമപരമായ വിടവ്' സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ചർച്ചകൾ നടത്തിവരികയാണെന്നും ഭാവിയിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇറാൻ ലക്ഷ്യമിടുന്നത്. അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാൻ തങ്ങൾക്കും ഒമാനും അനുവാദമുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് ഈ പണം ഉപയോഗപ്പെടുത്തുകയാണ് ഇറന്റെ ലക്ഷ്യം. എന്നാൽ, ഇത്തരത്തിൽ ഒരു ഫീസ് ഏർപ്പെടുത്തുന്നതിനെ അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും എതിർക്കുന്നുണ്ട്. അന്താരാഷ്ട്ര സമുദ്ര നിയമം അനുസരിച്ച്, ഹുർമുസ് പോലെയുള്ള സ്വാഭാവിക കടലിടുക്കുകളിലൂടെയുള്ള യാത്രക്ക് രാജ്യങ്ങൾക്ക് ഫീസ് ഈടാക്കാൻ അധികാരമില്ല. പൈലറ്റിങ്, ടഗ്ഗിങ് പോലുള്ള സേവനങ്ങൾക്ക് മാത്രമേ തുക ഈടാക്കാൻ നിയമപരമായി സാധിക്കുകയുള്ളൂ. സൂയസ് കനാൽ, പനാമ കനാൽ എന്നിവ മനുഷ്യനിർമ്മിതമായതിനാൽ അവിടെ ഫീസ് ഈടാക്കാൻ കഴിയും. എന്നാൽ, ഹുർമുസ് സ്വാഭാവിക കടലിടുക്കായതിനാൽ ഇറാന്റെ പണം പിരിക്കൽ നീക്കത്തിന് തടസ്സങ്ങളേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

