Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇന്ത്യൻ...

'ഇന്ത്യൻ മാമ്പഴങ്ങൾക്ക് നേപ്പാളിൽ നിരോധനമില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര കൃഷി മന്ത്രാലയം, കയറ്റുമതി തടസ്സമില്ലാതെ തുടരുന്നു

text_fields
bookmark_border
mango
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് നേപ്പാൾ സർക്കാർ നിരോധനമോ സസ്‌പെൻഷനോ ഏർപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മാധ്യമങ്ങളിൽ വന്ന ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.

നേപ്പാളിന്റെ നാഷണൽ പ്ലാന്‍റ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനായി പ്രവർത്തിക്കുന്ന 'പ്ലാന്‍റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റർ' (PQPMC) വഴി നേപ്പാൾ സർക്കാർ തന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഇന്ത്യൻ മാമ്പഴങ്ങൾക്ക് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

നിശ്ചിത ഫൈറ്റോസാനിറ്ററി (സസ്യാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ) വ്യവസ്ഥകൾക്ക് വിധേയമായി ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് ജൂൺ 10ഓടെ നേപ്പാൾ ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ട്. ആവശ്യമായ നിബന്ധനകൾ പാലിക്കുകയും ഇന്ത്യൻ സർക്കാർ നൽകുന്ന സാധുവായ ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്യുന്ന വ്യാപാരികൾക്ക് നേപ്പാൾ അധികൃതർ തടസ്സമില്ലാതെ ഇംപോർട്ട് പെർമിറ്റുകളും റിലീസ് ഓർഡറുകളും നൽകിവരുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നേപ്പാൾ നിർത്തിവെച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ശക്തമായതോടെ കയറ്റുമതിക്കാരും വ്യാപാരികളും കടുത്ത ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി കടന്നുള്ള വ്യാപാരം സുഗമമായി നടക്കുന്നുണ്ടെന്ന വ്യക്തമായ കണക്കുകളുമായി മന്ത്രാലയം രംഗത്തെത്തിയത്.

മാമ്പഴ കയറ്റുമതിയുമായി ബന്ധപ്പെട്ട കൃത്യമായ ഡാറ്റയും മന്ത്രാലയം പ്രസ്താവനയിലൂടെ പുറത്തുവിട്ടു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 2,005 മെട്രിക് ടൺ മാമ്പഴം അടങ്ങുന്ന 149 കൺസൈൻമെന്റുകളാണ് ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കയറ്റി അയച്ചത്. നടപ്പുമാസമായ ജൂണിൽ മാത്രം ഇതുവരെ 266 മെട്രിക് ടൺ മാമ്പഴം അടങ്ങിയ 18 കൺസൈൻമെന്റുകൾ വിജയകരമായി നേപ്പാളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, മാമ്പഴ കയറ്റുമതിക്കായി നേപ്പാൾ അടുത്തിടെ ചില പുതിയ ഇറക്കുമതി നിബന്ധനകൾ പരിഷ്‌കരിച്ചിട്ടുണ്ടെന്ന കാര്യം മന്ത്രാലയം സമ്മതിച്ചു. മാമ്പഴം ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതിനും കീടബാധ ഒഴിവാക്കുന്നതിനുമായി 'ഹോട്ട് വാട്ടർ ട്രീറ്റ്‌മെന്റ്' (HWT) നേപ്പാൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കയറ്റുമതി തുടരാൻ ഇന്ത്യൻ വ്യാപാരികൾക്ക് മന്ത്രാലയം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

എങ്കിലും, മുൻകൂട്ടിയുള്ള കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ നേപ്പാൾ ഇത്തരമൊരു പുതിയ ഫൈറ്റോസാനിറ്ററി മാനദണ്ഡം പെട്ടെന്ന് നടപ്പിലാക്കിയതിലുള്ള ആശങ്ക ഇന്ത്യ നേപ്പാളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ സാനിറ്ററി ആൻഡ് ഫൈറ്റോസാനിറ്ററി കരാർ, ഇന്റർനാഷണൽ പ്ലാന്‍റ് പ്രൊട്ടക്ഷൻ കൺവെൻഷൻ (IPPC) എന്നിവയുടെ മാർഗ്ഗനിർദേശങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

മാമ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾക്ക് സർക്കാർ മന്ത്രാലയങ്ങളെ മാത്രം ആശ്രയിക്കണമെന്ന് ബന്ധപ്പെട്ട സ്റ്റേക്ക് ഹോൾഡർമാർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കേന്ദ്ര കൃഷി മന്ത്രാലയം നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും നിയന്ത്രണങ്ങളെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകളും പൂർണ്ണമായും തള്ളിക്കളയണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalindian mangoesBanexportFake News
News Summary - No Ban On Import Of Indian Mangoes, Says Nepal
Next Story