ഇസ്രായേലിൽ അധികാരം പങ്കിടാൻ നെതന്യാഹുവിന്റെ നീക്കം; പ്രധാനമന്ത്രി പദം ഗാഡി ഐസൻകോട്ടുമായി പങ്കുവെച്ചേക്കും
text_fieldsബെഞ്ചമിൻ നെതന്യാഹു, ഗാഡി ഐസൻകോട്ട്
ജെറുസലേം: ഇസ്രായേലിൽ സർക്കാർ രൂപീകരണ പ്രതിസന്ധി തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടുമായി അധികാരം പങ്കിടാനുള്ള നീക്കവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുവരും മാറിമാറി പ്രധാനമന്ത്രി പദം വഹിക്കുന്ന രീതിയിലുള്ള ധാരണയാണ് നെതന്യാഹു പരിഗണിക്കുന്നത്. ആദ്യ ഊഴത്തിൽ ഐസൻകോട്ടിന് പ്രധാനമന്ത്രിയാകാനും പിന്നീട് നെതന്യാഹു പദവിയിലെത്താനുമുള്ള നിർദേശമാണ് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ മാധ്യമമായ ചാനൽ 13നെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിർദേശം ഔദ്യോഗികമാക്കാതെ അനൗദ്യോഗിക മാർഗങ്ങളിലൂടെ ഐസൻകോട്ടിനെ അറിയിക്കാനാണ് നീക്കമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ നെതന്യാഹുവിന്റെ നിർദേശത്തിൽ ഐസൻകോട്ടിന് സംശയങ്ങളുണ്ടെന്നാണ് വിവരം. അടുത്തയാഴ്ച തന്നെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടരുകയാണ്.
നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുമായി ഐക്യസർക്കാർ രൂപീകരിക്കുന്നതിന് സഖ്യകക്ഷികളുടെ അനുമതി വേണമെന്ന് ഐസൻകോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റ്സ് നേതാവ് യെയർ ഗോലൻ, യിസ്രായേൽ ബെറ്റെയ്നു നേതാവ് അവിഗ്ദോർ ലിബർമാൻ എന്നിവരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളികളാകില്ലെന്നാണ് ഇരുവരുടെയും നിലപാട്.
അതേസമയം, ഡിസംബർ ആറിനകം സർക്കാർ രൂപീകരിക്കേണ്ട വെല്ലുവിളിയാണ് ഐസൻകോട്ടിന് മുന്നിലുള്ളത്. പ്രസിഡന്റ് ഐസക് ഹെർസോഗ് അനുവദിച്ച 28 ദിവസത്തെ സമയപരിധി അന്നാണ് അവസാനിക്കുന്നത്. 120 അംഗ പാർലമെന്റായ നെസറ്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. ഐസൻകോട്ടിന്റെ യാഷർ പാർട്ടി, ഗോലന്റെ ഡെമോക്രാറ്റ്സ്, ലിബർമാന്റെ യിസ്രായേൽ ബെറ്റെയ്നു എന്നീ പാർട്ടികൾക്ക് ആകെ 36 സീറ്റുകളാണുള്ളത്. നഫ്താലി ബെന്നറ്റിന്റെ പാർട്ടിയുടെ പിന്തുണ ലഭിച്ചാലും സീറ്റുകളുടെ എണ്ണം 48 മാത്രമായിരിക്കും.
അതിനാൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെയോ തീവ്ര ഓർത്തഡോക്സ് വിഭാഗങ്ങളുടെയോ അറബ് പാർട്ടികളുടെയോ പിന്തുണ ഐസൻകോട്ടിന് ആവശ്യമാണ്. അറബ് ഭൂരിപക്ഷ പാർട്ടിയായ റാമിന്റെ പിന്തുണയ്ക്കായി മന്ത്രിസ്ഥാനങ്ങളും അറബ് മേഖലകളിൽ വലിയ നിക്ഷേപവും വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ഇസ്രായേൽ രാഷ്ട്രീയത്തിൽ നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

