‘ഇറാൻ എന്റെ മകനെ വധിക്കാൻ ശ്രമിച്ചു’; തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ വെളിപ്പെടുത്തലുമായി നെതന്യാഹു
text_fieldsഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കുടുംബവും
ജറുസലേം: തന്റെ രണ്ട് മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ രഹസ്യമായി ശ്രമം നടത്തിയിരുന്നു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. ഇസ്രായേലി മാധ്യമമായ ചാനൽ 14-ന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് നെതന്യാഹു ഈ നിർണായകമായ കാര്യം വ്യക്തമാക്കിയത്. തന്റെ കുടുംബാംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഉയർന്ന സുരക്ഷാ കവചത്തെക്കുറിച്ചുള്ള വിമർശനങ്ങളെ പ്രതിരോധിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഏത് മകനെയാണ് ലക്ഷ്യമിട്ടത് എന്നതിനെക്കുറിച്ചോ മറ്റ് വിശദാംശങ്ങളോ നെതന്യാഹു നൽകിയിട്ടില്ല.
വരാനിരിക്കുന്ന ഒക്ടോബർ 27ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് പ്രസ്താവന പുറത്തുവന്നത്. ‘ഇത് വിശ്വസിക്കാൻ പ്രയാസമുള്ള ഒന്നാണ്. ഇറാൻ എന്റെ ഒരു മകനെ ലക്ഷ്യമിട്ടു. അവർ എന്റെ മക്കളിൽ ഒരാളെ വധിക്കാൻ ശ്രമിച്ചു,’ എന്ന് നെതന്യാഹു അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം ഈ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന് മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നതാണെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുവരെ ഇതേക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല
പ്രധാനമന്ത്രിയുടെ പ്രധാന എതിരാളിയും മുൻ ആർമി ചീഫുമായ ഗാഡി ഐസൻകോട്ടിന് ആഭ്യന്തര സുരക്ഷാ ഏജൻസി ഷിൻ ബെത്ത് സുരക്ഷ നൽകാൻ തയാറായില്ലെന്ന വാർത്തകളുമായി ബന്ധപ്പെട്ടാണ് ഈ വിഷയം ചർച്ചയായത്. തന്റെ കുടുംബത്തിന് ലഭിക്കുന്ന സുരക്ഷ വെറുമൊരു ആർഭാടമല്ലെന്നും, ഇത്തരം ഭീഷണികൾ നിലനിൽക്കുന്നതിനാൽ ഈ സുരക്ഷാ ക്രമീകരണങ്ങൾ അത്യാവശ്യമാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ഈ സുരക്ഷാ കവചം ഇല്ലായിരുന്നെങ്കിൽ തന്റെ കുടുംബത്തിന് നേരെയുള്ള വധശ്രമങ്ങൾ വിജയിച്ചേനെ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
നെതന്യാഹുവിന്റെ മക്കളായ അവ്നർ ഇസ്രായേലിലും മൂത്ത മകൻ യായർ, 2024 ആദ്യം മുതൽ മിയാമിയിലുമാണ്. ഷിൻ ബെത്ത് സുരക്ഷയോടെ വിദേശത്ത് കഴിയുന്ന മൂത്ത മകൻ യായറിന്റെ ചെലവുകളെച്ചൊല്ലി ഇസ്രായേലിൽ നേരത്തെയും വലിയ തോതിലുള്ള ചർച്ചകളും വിവാദങ്ങളും നടന്നിരുന്നു. മിയാമിയിലെ ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഒരു ഡ്രൈവറും ഷിൻ ബെത്തിന്റെ എലൈറ്റ് യൂണിറ്റ് 730ൽ നിന്നുള്ള രണ്ട് അംഗരക്ഷകരുമൊപ്പമാണ് യായർ താമസിക്കുന്നതെന്നും, ഇതിനായി മാസത്തിൽ ഏകദേശം 200,000 ഷെക്കൽ (55,000 ഡോളർ) സർക്കാരിന് ചെലവാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടയിലാണ് ഇത്തരമൊരു വധശ്രമത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. പ്രമുഖ ഇസ്രായേലി മാധ്യമപ്രവർത്തകൻ അമിത് സെഗൽ തന്റെ ടെലിഗ്രാം ചാനലിൽ കുറിച്ചത് പ്രകാരം, ഈ വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ മാസങ്ങൾക്ക് മുമ്പേ സുരക്ഷാ വിഭാഗത്തിന് അറിയാമായിരുന്നെങ്കിലും ഇത് സംബന്ധിച്ച് വിലക്ക് നിലനിൽക്കുകയായിരുന്നു. നെതന്യാഹുവിന്റെ ഭാര്യക്ക് നേരെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ സമരവുമായി എത്തിയതിന് പിന്നാലെയാണ് 2023 മാർച്ചിൽ നെതന്യാഹുവിന്റെ കുടുംബത്തിന് ഷിൻ ബെത്ത് സുരക്ഷ നൽകാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

