Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ചർച്ചകളുടെ വിവരങ്ങൾ ദിവസവും അമേരിക്ക അറിയിക്കുന്നു; ട്രംപിന്റെ നാവിക ഉപരോധത്തിന് പൂർണ്ണ പിന്തുണയുമായി നെതന്യാഹു

text_fields
bookmark_border
ഇറാൻ ചർച്ചകളുടെ വിവരങ്ങൾ ദിവസവും അമേരിക്ക അറിയിക്കുന്നു; ട്രംപിന്റെ നാവിക ഉപരോധത്തിന് പൂർണ്ണ പിന്തുണയുമായി നെതന്യാഹു
cancel
camera_alt

നെതന്യാഹു, ട്രംപ്

ജെറുസലേം: ഇറാനുമായുള്ള സമാധാന ചർച്ചകളുടെ ഓരോ ഘട്ടവും അമേരിക്കൻ ഭരണകൂടം തങ്ങളെ നേരിട്ട് അറിയിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതായും നെതന്യാഹു വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഈ വിവരങ്ങൾ പങ്കുവെച്ചത്. ഇസ്‌ലാമാബാദിലെ ചർച്ചകൾക്ക് ശേഷം മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ജെ.ഡി. വാൻസ് നെതന്യാഹുവിനെ ബന്ധപ്പെട്ടത്.

‘ട്രംപ് ഭരണകൂടത്തിലെ അംഗങ്ങൾ ദിവസവും ചെയ്യുന്നതുപോലെ, ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ജെ.ഡി. വാൻസ് എനിക്ക് വിശദമായ റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ, ചർച്ചകൾ എങ്ങനെയാണ് തകർന്നത് എന്നതിനെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചത്’ -നെതന്യാഹു പറഞ്ഞു. ചർച്ചകൾ തകരാൻ കാരണം അമേരിക്കയുടെ നിലപാടാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. ചർച്ചകളിൽ ഏർപ്പെടുന്നതിനായി ഉണ്ടാക്കിയ കരാറുകൾ ഇറാൻ പരസ്യമായി ലംഘിച്ചുവെന്നും ഇത് സഹിക്കാൻ അമേരിക്ക തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ചർച്ചകൾ പൊട്ടിത്തെറിയിൽ അവസാനിക്കാൻ കാരണമെന്നാണ് ഇസ്രായേലിന്റെ പക്ഷം.

എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി ഇതിനോട് വിയോജിച്ചു. ഇറാൻ സമാധാനപരമായ ചർച്ചകൾക്കാണ് ശ്രമിച്ചതെന്നും എന്നാൽ കരാറിന് തൊട്ടടുത്തെത്തിയപ്പോൾ അമേരിക്ക ലക്ഷ്യങ്ങൾ മാറ്റുകയും ഇറാനെ ഉപരോധം കൊണ്ട് നേരിടുകയുമാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധത്തെ ഇസ്രായേൽ പൂർണ്ണമായി പിന്തുണക്കുന്നു.

ഉപരോധ കാര്യത്തിൽ വാഷിങ്ടണുമായി ഇസ്രായേൽ പൂർണ്ണ ഏകോപനത്തിലാണ്. സമാധാന ചർച്ചകളിലെ നിയമങ്ങൾ ഇറാൻ ലംഘിച്ചെന്നും അതിനാലാണ് ട്രംപ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അമേരിക്കയും ഇസ്രായേലും ഒരേ നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ പശ്ചിമേഷ്യയിൽ ഇറാന് മേലുള്ള സമ്മർദം വരും ദിവസങ്ങളിൽ വർധിക്കുമെന്നുറപ്പാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Netanyahu reveals the moment JD Vance confirmed the US-Iran talk collapse
Next Story