പിടിമുറുക്കി നെതന്യാഹു; ലബനാനിൽ ഇറാനും ഹിസ്ബുല്ലക്കും ഒരുസ്ഥാനമില്ലെന്ന്
text_fieldsജറുസലേം: ലബനാനുമായുള്ള പുതിയ ചട്ടക്കൂട് കരാർ ഇസ്രായേലിന്റെ ചരിത്രപരമായ നേട്ടമാണെന്നും, ഇത് ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിലേക്ക് വഴിയൊരുക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, കരാർ നിലവിൽ വന്നാലും സുരക്ഷാ മേഖല നിലനിർത്താനും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരാനും ഇസ്രായേൽ പ്രതിരോധ സേനക്ക് അവകാശമുണ്ടെന്നും അദ്ദേഹം ശനിയാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അമേരിക്കയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്ച വാഷിങ്ടണിലാണ് കരാർ ഒപ്പുവെച്ചത്. ലബനാനിലെ ചില ചെറിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സേന പിൻമാറുകയും പകരം ലബനാൻ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്ന പൈലറ്റ് പദ്ധതി കരാറിലുണ്ട്. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള നടപടികളും കരാറിലുണ്ട്. എന്നാൽ, ഹിസ്ബുല്ല കരാർ തള്ളിയിരിക്കുകയാണ്.
ഇറാൻ ആവശ്യപ്പെട്ടതുപോലെ തെക്കൻ ലബനാനിൽനിന്ന് പൂർണമായി പിൻമാറാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നില്ല. ഹിസ്ബുല്ലയും മറ്റും നിരായുധീകരിക്കപ്പെടുന്നത് വരെയും, ലബനാനിൽനിന്ന് ഇസ്രായേലിന് ഭീഷണിയില്ലാതാകുന്നത് വരെയും സുരക്ഷാ മേഖല നിലനിർത്തുമെന്ന് നെതന്യാഹു പറഞ്ഞു. നിലവിൽ കൈവശം വെച്ചിരിക്കുന്ന രണ്ട് ചെറിയ പ്രദേശങ്ങളിൽ നിന്ന് മാത്രം ഇസ്രായേൽ സൈന്യം പിൻമാറും. അതിലൊന്ന് സുരക്ഷ മേഖലക്ക് പുറത്തുള്ളതും മറ്റൊന്ന് സൈന്യത്തിന് ആവശ്യമില്ലാത്ത ഭാഗവുമാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചതായും സുരക്ഷാ മേഖല നിലനിർത്തുന്നതിന് അമേരിക്കയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എങ്കിലും, ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ അമേരിക്കൻ പ്രസിഡന്റ് ഡോൾഡ് ട്രംപിനോട് സംസാരിക്കവെ, കരാർ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ തെക്കൻ മേഖലയിൽനിന്ന് ഇസ്രായേൽ പിൻമാറാൻ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടത് നെതന്യാഹുവിന്റെ പ്രസ്താവനക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
ലബനാനിൽ സൈനികർക്കെതിരായ ഭീഷണികളെ നേരിടാൻ ഐ.ഡി.എഫിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് നെതന്യാഹു ആവർത്തിച്ചു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമല്ല, ഭീഷണിയുയരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലും ആക്രമണം നടത്താൻ സൈനികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ 200 ഹിസ്ബുല്ല ഭീകരരെ വധിച്ചതായും അദ്ദേഹം പറഞ്ഞു.
ലബനാനും ഇസ്രായേലും തമ്മിലുള്ള കരാർ അപമാനകരവും ലജ്ജാകരവുമാണെന്നും രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കുന്നതാണെന്നുമാണ് ഹിസ്ബുല്ല വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രായേലുമായി ഒപ്പുവെച്ച കരാറിന് പകരം, ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം നടപ്പാക്കണമെന്നാണ് ഹിസ്ബുല്ലയുടെ ആവശ്യം. ലെബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇറാനുമായുള്ള ഈ ധാരണാപത്രം അനിവാര്യമാണെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം വാദിച്ചു.
ഇസ്രായേലിന്റെ പിന്മാറ്റത്തെ ഹിസ്ബുല്ലയുടെ നിരായുധീകരണവുമായി ബന്ധിപ്പിക്കാനുള്ള ഏത് നീക്കവും ‘ചുവപ്പ് വരകൾ ലംഘിക്കുന്ന’ അപകടകരമായ നടപടിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫലസ്തീൻ അധിനിവേശത്തിന് ലബനനിലെ ഭരണകൂടം നൽകുന്ന നിയമസാധുതയായി മാത്രമേ ഈ കരാറിനെ കാണാൻ കഴിയൂ എന്നും, ഇത് വരുംവർഷങ്ങളിൽ ലബനാന്റെ ഭൂമി ഇസ്രായേൽ കൈക്കലാക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവേശ ശക്തികളെ പുറത്താക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സായുധ പോരാട്ടം തുടരുമെന്നും നഈം ഖാസിം വ്യക്തമാക്കി. അതേസമയം, കരാർ യാഥാർഥ്യമാക്കിയതിലൂടെ നയതന്ത്ര വിജയം കൈവരിച്ചെന്നാണ് ലബനൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇസ്രായേലും ലബനാനും ചരിത്രപരമായ കരാറിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്‌ടണിൽ നടന്ന അഞ്ചാംഘട്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്.
ഇസ്രായേൽ സൈന്യം കൈവശം വെച്ചിരിക്കുന്ന ദക്ഷിണ ലബനാനിലെ ചില പ്രദേശങ്ങൾ ലബനീസ് സൈന്യത്തിന് കൈമാറുന്നതാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ചടങ്ങിൽ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
നേരത്തെ, പൂർണമായ സൈനിക പിന്മാറ്റം വേണമെന്നായിരുന്നു ലബനന്റെ ആവശ്യം. എന്നാൽ, ഹിസ്ബുല്ലയുടെ നിരായുധീകരണവും അതിർത്തിയിലെ അവരുടെ സാന്നിധ്യം ഒഴിവാക്കുമെന്ന ഉറപ്പും ലഭിക്കാതെ പിന്മാറ്റമില്ലെന്ന നിലപാടിലായിരുന്നു ഇസ്രായേൽ. ഈ തർക്കങ്ങൾക്കിടയിലാണ് ‘പൈലറ്റ് സോണുകൾ’ എന്ന ആശയത്തിലൂടെ ലബനീസ് സൈന്യത്തിന് നിയന്ത്രണം കൈമാറാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

