ഇറാനെതിരെ സൈനിക നീക്കത്തിന് തയ്യാറെടുക്കാൻ നെതന്യാഹുവിന്റെ നിർദേശം; നീക്കം പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ
text_fieldsതെൽ അവീവ്: ഇറാനെതിരായ പുതിയ സൈനിക നീക്കത്തിന് തയാറെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകി. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അടിയന്തര ഭീഷണിയില്ലാത്ത സൈനിക നടപടികൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീക്കം.
ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് സൈന്യത്തിന് നിർദേശങ്ങൾ നൽകിയത്. ഇവ യുദ്ധത്തിന് കാരണമായേക്കാവുന്ന സൈനിക നടപടികളിലേക്ക് നയിക്കാമെന്ന് ഇസ്രായേൽ പൊതുമാധ്യമമായ കെ.എ.എൻ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്, ഒക്ടോബർ അഞ്ചിനായിരുന്നു സുരക്ഷാ മന്ത്രിസഭയുടെ അവസാന യോഗം.
അതേസമയം, ആക്രമണമുണ്ടായാൽ യുദ്ധം പശ്ചിമേഷ്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യ മുതൽ യൂറോപ്പ് വരെയുള്ള മേഖലകളിലെ ആക്രമണത്തിൽ പങ്കാളികളാകുന്ന സൈനിക താവളങ്ങൾ ഇറാന്റെ ലക്ഷ്യങ്ങളാകുമെന്നും ഇറാൻ സുരക്ഷാ മേധാവി മുഹ്സിൻ റെസായി വ്യക്തമാക്കി.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം നേടിയ മുന്നേറ്റത്തെത്തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതല ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിനോട് സൈനിക നടപടികളിൽ സംയമനം പാലിക്കണമെന്ന് ഐസൻകോട് ആവശ്യപ്പെട്ടത്.
നേരിട്ടുള്ളതും അടിയന്തരവുമായ ഭീഷണിയില്ലെങ്കിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ സൈന്യത്തെ വിന്യസിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അധികാര കൈമാറ്റ കാലയളവിൽ അനാവശ്യ സൈനിക നീക്കങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇറാനിലെ നിലവിലെ ഭരണകൂടം തകരുന്നതുവരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് നെതന്യാഹു.
ഇതിനിടെ അമേരിക്കയും ഇറാനും തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നയതന്ത്ര ചർച്ചകൾക്കുള്ള ശ്രമങ്ങൾ തുടരുകയാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

