ഇതെന്താ മാജിക്കോ? കാനഡയിൽ ജലസംഭരണിക്ക് നടുവിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി!
text_fieldsഒഴുകുന്ന ദ്വീപ്
കൊളംബിയ: കാനഡയിൽ നിന്നും വിചിത്രവും കൗതുകമുണർത്തുന്നതുമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ മരങ്ങളും ചെടികളുമായി ഒരു കൂറ്റൻ ദ്വീപ് ഒരു റിസർവോയറിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും, ആഴ്ചകൾക്കകം യാതൊരു ലക്ഷണവുമില്ലാതെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ മക്കെൻസിക്ക് വടക്കുള്ള വില്ലിസ്റ്റൺ റിസർവോയർ എന്ന വലിയ മനുഷ്യനിർമിത തടാകത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം കണ്ടത്. റിസർവോയറിലൂടെ ബോട്ട് യാത്ര ചെയ്യുകയായിരുന്ന പ്രദേശവാസിയാണ് ആദ്യം ഈ വിചിത്ര കാഴ്ച കാമറയിൽ പകർത്തുന്നത്.
തുടർന്ന് ഈ ദൃശ്യങ്ങൾ റോക്കി അവേരി എന്ന പ്രദേശവാസിയുമായി പങ്കുവെക്കുകയായിരുന്നു. റോക്കി അവേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ 140,000ത്തിലധികം വ്യൂസ് ആണ് ലഭിച്ചത്.
‘ഈ രാജ്യത്ത് 40 വർഷമായി ജീവിക്കുന്നു, ഇതുപോലെ ഒന്നിന് മുമ്പ് ഞാൻ സാക്ഷ്യം വഹിച്ചിട്ടില്ല, ഇതൊരു അത്ഭുത കാഴ്ചയായിരുന്നു," എന്ന് റോക്കി അവേരി മാധ്യമത്തോട് പ്രതികരിച്ചു. "അവിടെ ഉടൻ തന്നെ ഒരു ഫിഷിങ് ഡെർബി നടക്കാനിരിക്കുകയായിരുന്നു. അതിനാൽ തന്നെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു. കൂടാതെ, ഈ ദ്വീപ് അവരുടെ ഭാഗത്തേക്ക് ഒഴുകിവരാനുള്ള സാധ്യത മുൻനിർത്തി ജലവൈദ്യുത കമ്പനിയായ ബി.സി. ഹൈഡ്രോയെയും വിവരം അറിയിക്കണമെന്ന് തോന്നി," റോക്കി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കൊളംബിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ജലവൈദ്യുത വൈദ്യുതി നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള യൂട്ടിലിറ്റി കമ്പനിയാണ് ബി.സി. ഹൈഡ്രോ. ദ്വീപിനെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ കമ്പനി ഉദ്യോഗസ്ഥർ ആദ്യം ഇതൊരു വ്യാജ വാർത്തയാണെന്നാണ് കരുതിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ ജൂലൈ 21ലെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് സത്യമാണെന്ന് മനസിലായി. ഡാമിൽ നിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് ദ്വീപ് പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 5ഓടെ ഈ ദ്വീപ് ഇവിടെനിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. പിന്നീട് ഉപഗ്രഹ ചിത്രങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
ഏകദേശം 230 അടി വീതിയും 460 അടി നീളവുമുള്ള ഈ ദ്വീപിന് രണ്ട് എൻ.എഫ്.എൽ ഫുട്ബാൾ മൈതാനങ്ങളുടെ വലിപ്പമുണ്ടായിരുന്നു (ഏകദേശം 105,000 ചതുരശ്ര അടി). അവേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് കൗതുകകരമായ കമന്റുകളുമായി എത്തിയത്. ദ്വീപ് എങ്ങനെ രൂപപ്പെട്ടിരിക്കാമെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധ സിദ്ധാന്തങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എന്തായാലും ഏതാനും ആഴ്ചകൾ മാത്രം തടാകത്തിൽ ദൃശ്യമാവുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്ത ഈ 'ഒഴുകുന്ന ദ്വീപ്' ശാസ്ത്രലോകത്തിനും നാട്ടുകാർക്കും ഒരുപോലെ വലിയൊരു കൗതുകമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

