ട്രംപ് സർക്കാറിൽ അമേരിക്ക അത്ര ഹാപ്പിയല്ല, റിപ്പബ്ലിക്കൻസിനിടയിലും അതൃപ്തി നുരയുന്നെന്ന് സർവേ
text_fieldsവാഷിങ്ടൺ: ട്രംപ് സർക്കാറിന്റെ നയങ്ങളിൽ യു.എസിൽ ദിനംപ്രതി അതൃപ്തി വർധിക്കുന്നുവെന്ന് സർവേ. ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലും ഇത് കുത്തനെ ഉയരുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന എപി-എൻ.ഒ.ആർ.സി സർവേ വ്യക്തമാക്കുന്നു.
അടുത്തിടെ യു.എസിൽ നടന്ന ഓഫ്-ഇയർ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ കരുത്തുകാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേറ്റഡ് പ്രസ്-എൻ.ഒ.ആർ.സി സെന്റർ ഫോർ പബ്ലിക് അഫയേഴ്‌സ് റിസർച്ച് ഈ സർവേ നടത്തിയത്. യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ കോൺഗ്രസ് തീരുമാനമെടുത്തിരിക്കെയാണ് സർവേ ഫലവും പുറത്തുവരുന്നത്.
സർവേ ഫലം അനുസരിച്ച് ട്രംപ് സർക്കാറിന്റെ പ്രവർത്തന രീതിയെ യു.എസിലെ വോട്ടർമാരിൽ 33ശതമാനം പേർ മാത്രമാണ് അംഗീകരിക്കുന്നത്. അതേസമയം മാർച്ചിൽ നടന്ന എ.പി-എൻ.ഒ.ആർ.സി വോട്ടെടുപ്പിൽ 43ശമാനം പേരായിരുന്നു ട്രംപ് സർക്കാറിന്റെ നയങ്ങളെ പിന്തുണച്ചത്.
കഴിഞ്ഞ എട്ടുമാസത്തിനിടെ റിപ്പബ്ലിക്കൻമാർക്കും സ്വതന്ത്രർക്കും ഇടയിൽ സർക്കാരിനോടുള്ള മമതയിൽ 13 ശതമാനം കുറവുണ്ടായതായി സർവേ പറയുന്നു. സർവേ അനുസരിച്ച്, റിപ്പബ്ലിക്കൻമാരിൽ മൂന്നിൽ രണ്ട് പേർ, അതായത് 68ശതമാനം പേരാണ് സർക്കാറിന്റെ നയങ്ങളെ പിന്തുണക്കുന്നത്. മാർച്ചിൽ ഇത് 81ശതമാനം ആയിരുന്നു. സ്വതന്ത്രരുടെ അംഗീകാരം 38ശതമാനത്തിൽ നിന്ന് 25 ശതമാനം ആയി കുറഞ്ഞു.
കൂട്ടപ്പിരിച്ചുവിടലുകളോടും സർക്കാർ, വിവിധ ഏജൻസികളിൽ കൊണ്ടുവന്ന അഴിച്ചുപണികളോടുമുള്ള അതൃപ്തിയാണ് പ്രകടമാവുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. അടച്ചുപൂട്ടലിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ശക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും സുപ്രധാന സഹായ പദ്ധതികളടക്കം തടസപ്പെടുകയും ചെയ്തിരുന്നു. ഇതും സർവേയിൽ പ്രതിഫലിച്ചുവെന്ന് വേണം കരുതാനെന്ന് അസോസിയേറ്റഡ് പ്രസ്-എൻ.ഒ.ആർ.സി സെന്റർ ഫോർ പബ്ലിക് അഫയേഴ്‌സ് റിസർച്ച് വ്യക്തമാക്കി.
ഡെമോക്രാറ്റുകളിൽ 95 ശതമാനം പേർ സർക്കാറിനെ ഇപ്പോഴും എതിർക്കുന്നുണ്ടെന്ന് സർവേ കണ്ടെത്തി, മാർച്ചിൽ ഇത് 89 ശതമാനം ആയിരുന്നു. അതേസമയം, യു.എസിലെ പൗരൻമാരിൽ മൂന്നിലൊന്ന് പേർ, അതായത് 36 ശതമാനം ആളുകൾ ട്രംപ് പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്തതിനെ അംഗീകരിക്കുന്നു. ഒക്ടോബറിൽ നടന്ന എ.പി-എൻ.ഒ.ആർ.സി വോട്ടെടുപ്പിൽ ഇത് 37 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

