പിൻഗാമി ആര്?
text_fieldsഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ച നിമിഷം മുതൽതന്നെ അദ്ദേഹത്തിന്റെ പിൻഗാമി ആര് എന്ന ചോദ്യവും ഉയർന്നിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാനെ ഭരണപരമായും ആത്മീയമായും നയിച്ച ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയുടെ പേര് ആ മണിക്കൂറുകളിൽതന്നെ സ്വാഭാവികമായും ഉയർന്നുകേട്ടു. ഇപ്പോൾ, ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചിരിക്കെ, ഇറാന്റെ അസംബ്ലി ഓഫ് എക്സ്പേർട്സ് (മജ്‍ലിസ് ഖുബ്റാഅ്) പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അപ്പോഴും, മുൻപന്തിയിലുള്ള പേര് മുജ്തബയുടേതുതന്നെ. മുജ്തബക്കൊപ്പം ഉയർന്നുകേൾക്കുന്ന മറ്റു പേരുകളുമുണ്ട്. ഖാംനഈയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്ന അസ്ഗർ ഹിജാസി, സൈനിക നേതാവ് അലി ലാറിജാനി, റൂഹുല്ല ഖുമൈനിയുടെ മകൻ ഹസൻ ഖുമൈനി തുടങ്ങിയവരാണ് അക്കൂട്ടത്തിലെ പ്രമുഖർ.
തെരഞ്ഞെടുപ്പ് ഇങ്ങനെ
വിപ്ലവാനന്തര ഇറാന്റെ ചരിത്രത്തിൽ ഇതുവരെ രണ്ട് ആത്മീയ നേതാക്കളേ ഉണ്ടായിട്ടുള്ളൂ: ഖുമൈനിയും അദ്ദേഹത്തിന്റെ മരണശേഷം (1989ൽ) ഖാംനഈയും. പക്ഷേ, ഇറാൻ ഭരണഘടനയിൽ ആത്മീയ നേതാവിനെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്നുണ്ട്. ആത്മീത നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചുമതല അസംബ്ലി ഓഫ് എക്സ്പേർട്സ് സമിതിക്കാണ്. 88 അംഗങ്ങളുള്ള സമിതിയാണിത്. ഓരോ എട്ടുവർഷം കൂടുമ്പോഴും ജനങ്ങളാണ് ഈ പണ്ഡിത സമിതിയെ തെരഞ്ഞെടുക്കുക. ഗാർഡിയൻ കൗൺസിലിന്റെകൂടി അംഗീകാരമുള്ള ഏതാനും വ്യക്തികളെയാണ് ആത്മീയ നേതൃത്വത്തിനായി പരിഗണിക്കുക. ഇവർ തെരഞ്ഞെടുക്കുന്ന നേതാവിനെ ആവശ്യമെങ്കിൽ നീക്കാനും ഈ സമിതിക്ക് അധികാരമുണ്ടായിരിക്കും.
ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. പണ്ഡിത സമിതിക്ക് മുന്നിൽവരുന്ന പേരുകളിൽനിന്നായിരിക്കും അസംബ്ലി ഓഫ് എക്സ്പേർട്സ് ഒരാളെ തെരഞ്ഞെടുക്കുക. നിലവിലെ സാഹചര്യത്തിൽ അത് മുജ്തബായാകാനേ തരമുള്ളൂ. ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സി ഉൾപ്പെടെയുള്ളവർക്ക് മുജ്തബയുടെ വരവിനോടാണ് താൽപര്യം.
ഖാംനഈയിൽനിന്ന്
മുജ്തബയിൽ എത്തുമ്പോൾ
ഖാംനഈയുടെ പിൻഗാമി ആരായിരുന്നാലും അവർക്ക് അതൊരു വെല്ലുവിളിയാണ്. വിപ്ലവാനന്തര ഇറാനെ അതിജീവനത്തിന് പര്യാപ്തമാക്കിയ നേതൃത്വമായിരുന്നു ഖാംനഈയുടേത്. വിപ്ലവകാലത്ത് ഇസ്‍ലാമിക് റിപ്ലബ്ലിക് പാർട്ടിയുടെ സെക്രട്ടറിയായിരുന്നു ഖാംനഈ. 1981ൽ മുഹമ്മദ് അലി റജാഈയുടെ മരണശേഷമാണ് ഖാംനഈ രാജ്യത്തിന്റെ പ്രസിഡന്റ് പദത്തിലെത്തിയത്.
നാല് വർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇറാന്റെ ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഈ പദത്തിൽ മൂന്നാമൂഴം അനുവദിക്കില്ല. സ്വാഭാവികമായും 1989ൽ ഖാംനഈ ഭരണഘടന തിരുത്തുമെന്ന് പ്രവചിച്ചു പലരും. എന്നാൽ, 1989ൽ ഖുമൈനി വിടപറഞ്ഞതോടെ ഖാംനഈ ആത്മീയ നേതാവ് എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. സൈനികമായും സാങ്കേതികമായും ഇറാൻ വളർന്ന കാലമായിരുന്നു പിന്നീട്. യുദ്ധത്തെയും അധിനിവേശത്തെയും ഉപരോധത്തെയുമെല്ലാം അതിജീവിച്ച് ഇറാനെ തലയുർത്തി നിൽക്കാൻ പ്രാപ്തനാക്കിയ നേതാവ് എന്നതാണ് ഖാംനഈയുടെ ഖ്യാതി. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഇറാൻ വിപ്ലവവും ഖുമൈനിയുമായുണ്ടായിരുന്ന ആത്മ ബന്ധവുമായിരുന്നു.
ഖാംനഈയിൽനിന്ന് മുജ്തബയിലെത്തുമ്പോൾ അദ്ദേഹത്തിന് മൂലധനമില്ലെന്നതാണ് ഏറ്റവും വലിയ വ്യത്യാസം. ഇറാൻ വിപ്ലവം നടക്കുമ്പോൾ മുജ്തബക്ക് പ്രായം പത്ത്. മഹാബാദിൽ മതപഠന വിദ്യാർഥിയായിരുന്നു അന്ന് മുജ്തബ.
ഏതാണ്ട് 30 വയസ്സുവരെ ഇസ്‍ലാമിക് തിയോളജിയിൽ ഗഹനമായ പഠനം നടത്തിയിട്ടുണ്ട് മുജ്തബ. പിന്നീട് ഖൂമിൽ പുരോഹിതനായി. 2009 വരെയും മുജ്തബ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. ആ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭകാലത്താണ് വാസ്തവത്തിൽ മുജ്തബയെക്കുറിച്ച് ലോകമറിയുന്നത്. നെജാദ് ആയിരുന്നു അക്കാലത്ത് പ്രസിഡന്റ്. നെജാദിന് മുജ്തബയുടെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രക്ഷോഭം അടിച്ചമർത്താൻ മുജ്തബയും പങ്കു ചേർന്നുവെന്നാണ് കഥ. പ്രക്ഷോഭം ഇല്ലായ്മ ചെയ്യാൻ ഐ.ആർ.ജി.സിയുടെ അർധ സൈനിക വിഭാഗത്തിന്റെ നേതൃത്വത്തെ മുജ്തബ അണിയറയിൽ നയിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. പിന്നീട്, നെജാദ് തന്നെയും മുജ്തബയെ തള്ളിപ്പറഞ്ഞതും ഇരുവരും രണ്ട് പക്ഷത്തായതും മറ്റൊരു ചരിത്രം.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലും മുജ്തബ വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഇത് അദ്ദേഹം നിഷേധിച്ചു. യൂറോപ്പിലും അറബ് രാജ്യങ്ങളിലുമെല്ലാമായി മുജ്തബക്ക് ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുവഹകളുള്ളതായി ബ്ലൂംസ്ബെർഗിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 2019ൽ, യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്തി.
2024ൽ, അസംബ്ലി ഓഫ് എക്സ്പേർട്സ് പുനഃസംഘടിപ്പിച്ചപ്പോൾത്തന്നെ മുജ്തബയായിരിക്കും ഖാംനഈയുടെ പിൻഗാമിയെന്ന് പലരും എഴുതി. എന്നാൽ, ജീവിച്ചിരിക്കെ, ഒരിക്കൽപോലും ഖാംനഈ തന്റെ പിൻഗാമി ആര് എന്ന് പറഞ്ഞില്ല. കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ പേരും ഉയർന്നുകേട്ടിരുന്നു.
56കാരനായ മുജ്തബ ഖാംനഈക്കൊപ്പമായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്. ശനിയാഴ്ച ഓപറേഷൻ എപിക് ഫ്യൂരിയുടെ ആദ്യ മണിക്കൂറിൽത്തന്നെ ഖാംനഈയുടെ കൊട്ടാരത്തിൽ മിസൈൽ പതിച്ചു. ഖാംനഈക്കൊപ്പം കൊല്ലപ്പെട്ടവരിൽ മുജ്തബയുടെ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഈ സമയം മുജ്തബ കൊട്ടാരത്തിലില്ലായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ടാണ് മുജ്തബ ആ പദവിയിലെത്തുന്നതെന്ന് സാരം. ഇതുപക്ഷേ, ഇറാന്റെ ചരിത്രത്തിൽ പുതുമയുള്ള കാര്യമല്ല. ഖാംനഈ തന്നെയും ഇത്തരത്തിൽ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നയാളാണ്.
പ്രസിഡന്റ് പദവിയിലെത്തുന്നതിന് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. തെഹ്റാനിലെ അബുദർറ് മസ്ജിദിൽ ഖുത്തുബ നിർവഹിച്ചുകൊണ്ടിരിക്കെ, പള്ളിയിൽ വൻ സ്ഫോടനമുണ്ടായി. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകൈക്ക് ക്ഷതമേറ്റു. നിശ്ചലമായ ആ കൈയുമായാണ് ശിഷ്ടകാലം മുഴുവൻ അദ്ദേഹം ജീവിച്ചതും ഒരു ജനതയെ അതിജീവനത്തിന് പ്രാപ്തമാക്കിയതും. ആ ഖ്യാതിയിലേക്ക് മുജ്തബക്ക് എത്താനാകുമോ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

