ചികിത്സ സ്വീകരിക്കാതെ വാങ്‌ചുക്ക്; നിർജലീകരണത്തിന് സാധ്യതയെന്ന് ഡോക്ടർമാർ; മോദിയുടെ പൊലീസ് അടിച്ചമർത്തലിന് പദ്ധതിയിടുന്നുവെന്ന് സി.ജെ.പി
text_fieldsന്യൂഡൽഹി: സോനം വാങ്‌ചുക്കിനെ നീക്കം ചെയ്തതിന് പിന്നാലെ, ജന്തർ മന്തറിൽ ഡൽഹി പൊലീസ് ഒരു 'അടിച്ചമർത്തലിന് പദ്ധതിയിടുന്നുണ്ടെന്നും' അതിനാൽ അടുത്ത ദിവസങ്ങൾ നിർണ്ണായകമാണെന്നും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. വാങ്‌ചുക്ക് ബോധവാനാണെന്നും ക്ലിനിക്കലായി ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ചാരു ബാംബ അറിയിച്ചു. ഡോക്ടർമാർ പലതവണ കൗൺസിലിങ് നൽകിയിട്ടും അദ്ദേഹം ഓറൽ റീഹൈഡ്രേഷൻ ഫ്ലൂയിഡോ, ഇലക്ട്രോലൈറ്റ് ലായനിയോ, ഐ.വിതെറാപ്പിയോ സ്വീകരിക്കാൻ വിസമ്മതിക്കുകയാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്‌കെ രണ്ടാം ദിവസവും നിരാഹാര സമരം തുടരുകയാണ്. 21 ദിവസമായി അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന വിദ്യാഭ്യാസ വിചക്ഷണനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് ബലമായി സഫ്ദർജങ് ആശുപത്രിയിലേക്ക് നീക്കിയതിനു പിന്നാലെയാണ് ശനിയാഴ്ച ദിപ്‌കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്.
ആശുപത്രിയിലും സമരം തുടരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പുതിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം കഴിക്കാത്തതുകാരണം അദ്ദേഹത്തിന്റെ രക്തത്തിലെ ഘടകങ്ങളിൽ നേരിയ വ്യത്യാസങ്ങൾ തുടരുന്നുണ്ട്. "ദീർഘകാലത്തെ ഉപവാസം മൂലമുണ്ടായ ശാരീരിക സമ്മർദ്ദവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, വിദഗ്ധരായ ഒരു മൾട്ടി ഡിസിപ്ലിനറി ടീമിന്റെ അടുത്ത നിരീക്ഷണത്തിൽ അദ്ദേഹത്തിന് തുടർച്ചയായ വൈദ്യസഹായം ആവശ്യമാണ്," ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ 6.30-നാണ് നാടകീയ നീക്കത്തിലൂടെ ഡൽഹി പോലീസ് വാങ്‌ചുക്കിനെ സമരപ്പന്തലിൽ നിന്ന് നീക്കിയത്. ഡോക്ടർമാർ എന്ന വ്യാജേന മഫ്തിയിൽ എത്തിയ പൊലീസ്, വെള്ളത്തുണി കൊണ്ട് മറച്ചാണ് വാങ്‌ചുക്കിനെ ആംബുലൻസിലേക്ക് മാറ്റിയത്. വാങ്‌ചുക്കിനെ കൊണ്ടുപോയ രീതിയെ പ്രതിപക്ഷ നേതാക്കൾ അപലപിച്ചു.
സഫ്ദർജങ് ആശുപത്രിയിൽ തങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സുതാര്യതയില്ലായ്മ ആശങ്കക്കിടയാക്കുന്നുണ്ടെന്നും വാങ്‌ചുക്കിന്റെ ഭാര്യ വ്യക്തമാക്കി. തങ്ങൾക്ക് ഇഷ്ടമുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഭർത്താവിനെ മാറ്റണമെന്നും അവർ ആശുപത്രി അധികൃതർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ജൂലൈ 20-ന് മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചിന് രണ്ട് ദിവസം മുമ്പാണ് ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് വാങ്‌ചുക്കിനെ നീക്കം ചെയ്തത്. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുടെയും ക്രമക്കേടിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ജെ.പി ജന്തർ മന്തറിൽ സമരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

